ഡിസംബറിനെ കണ്ണീരിലാഴ്ത്തിയ സുനാമിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 15 ആണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 09:15 AM  |  

Last Updated: 26th December 2019 09:15 AM  |   A+A-   |  


കൊച്ചി : ക്രിസ്മസ് പിറ്റേന്ന് ലോകത്തെ കണ്ണീര്‍ കടലിലാഴ്ത്തിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സുനാമി രാക്ഷസത്തിരമാലകള്‍ മരണതാണ്ഡവമാടിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം ആളുകളാണ് സുനാമിത്തിരകളില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞത്.

ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറുംമുമ്പെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകള്‍ ആര്‍ത്തലച്ചെത്തിയത്. വടക്കന്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്പമാണ് വന്‍ വിനാശകാരിയായി സംഹാരരൂപം പ്രാപിച്ചത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 100 അടിവരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമിത്തിരകള്‍ കനത്തനാശം വിതച്ചത്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. 16,000 ജീവനുകളാണ് നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7000 മരണം. കേരളത്തില്‍ 236 ജീവന്‍ പൊലിഞ്ഞു.  ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്  ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം തീരം കടലെടുത്തു. കേരളത്തില്‍ മാത്രം 3000 വീടുകള്‍ തകര്‍ന്നു.  

സുനാമിയുടെ രൗദ്രത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്തോനേഷ്യയായിരുന്നു. 1,67,000 പേര്‍ മരിച്ചെന്നും അഞ്ചു ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നുവെന്നുമാണ് കണക്കുകള്‍. സുനാമിക്ക് കാരണമായ വടക്കന്‍ സുമാത്രയില്‍ ഉണ്ടായ ഭൂചലനത്തില്‍, ഹിരോഷിമയില്‍ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകള്‍ പൊട്ടിയാലുണ്ടാകുന്നത്ര ഊര്‍ജമാണ് പുറത്തുവന്നത് എന്നാണ് അമേരിക്കന്‍ ജിയോളജിക്കള്‍ സര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.