പൗരത്വ രജിസ്റ്റര്‍ ചിദംബരത്തിന്റെ ആശയം? തെളിവുകളുമായി ബിജെപി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യയും മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവുമാണ് എന്‍പിആറിനെയും എന്‍സിആറിനെയും ചൊല്ലി കൊമ്പു കോര്‍ത്തത്
പൗരത്വ രജിസ്റ്റര്‍ ചിദംബരത്തിന്റെ ആശയം? തെളിവുകളുമായി ബിജെപി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: വിവാദമായ ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍ആര്‍സി) ജനസംഖ്യാ രജിസ്റ്ററിന്റെയും (എന്‍പിആര്‍) പിതൃത്വത്തെച്ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. യുപിഎ കാലത്തെ പദ്ധതികളാണ് ഇതു രണ്ടുമെന്ന രേഖകള്‍ പുറത്തു വിട്ട് ബിജെപി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. അതേസമയം യുപിഎ കാലത്ത് വിഭാവനം ചെയ്തതുപോലെയല്ല എന്‍പിആര്‍ ഇപ്പോള്‍ നടപ്പാക്കുന്ന് എന്നാണ് കോണ്‍ഗ്രസിന്റെ വാദം.

ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യയും മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവുമാണ് എന്‍പിആറിനെയും എന്‍സിആറിനെയും ചൊല്ലി കൊമ്പു കോര്‍ത്തത്. എന്‍പിആറിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിനെ, യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍പിആര്‍ പ്രവര്‍ത്തനത്തിനു തുടക്കമിട്ടുകൊണ്ട് ചിദംബരം പ്രസംഗിക്കുന്ന വീഡിയോ അമിത് മാളവ്യ പുറത്തുവിട്ടു. 2010ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്‍പിആര്‍ തയാറാക്കുന്നതിന്റെ വിശദാംശങ്ങള്‍ ചിദംബരം വ്യക്തമാക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്.

''ചരിത്രത്തില്‍ ആദ്യമായി നമ്മള്‍ 120 കോടി ജനങ്ങളെ എണ്ണി തിട്ടപ്പെടുത്തി, തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയാണ്. ലോകത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല - പ്രസംഗത്തില്‍ ചിദംബരം പറയുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ആഭ്യന്തരമന്ത്രായി ചുമതലയേറ്റെടുത്ത ശേഷമായിരുന്നു ചിദംബരത്തിന്റെ പ്രഖ്യാപനം.

2010ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട എന്‍പിആറില്‍നിന്നു വ്യത്യസ്തമായ പദ്ധതിയാണ് ബിജെപിയുടേത് എന്നാണ്  ചിദംബരം ഇതിനോടു പ്രതികരിച്ചത്. ബിജെപി ദുഷ്ടലാക്കോടെയാണ് എന്‍പിആര്‍ നടപ്പാക്കുന്നത്. തന്റെ പ്രസംഗത്തില്‍ എന്‍സിആര്‍ എന്ന വാക്കു തന്നെയില്ലെന്നും ചിദംബരം പറഞ്ഞു. 

ചിദംബരത്തിന്റെ പ്രതികരണത്തിനു പിന്നാലെ, എന്‍പിആര്‍ പൗരത്വ കാര്‍ഡുമായി ബന്ധപ്പെട്ടതാണെന്നു ചിദംബരം വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയുമായി അമിത് മാളവ്യ വീണ്ടും രംഗത്തുവന്നു. താമസം തെളിക്കുന്നതിനുള്ള രേഖയും അതുവഴി പൗരത്വ രേഖയും നല്‍കുകയാണ് എന്‍പിആര്‍ ലക്ഷ്യമിടുന്നതെന്ന്, 2012ലെ ഈ പ്രസംഗത്തില്‍ ചിദംബരം പറയുന്നു.

ഇതിനു പിന്നാലെ തന്നെ യുപിഎ ഭരണകാലത്ത് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. പൗരത്വ രജിസ്റ്റര്‍ തയാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍പിആര്‍ നടപ്പാക്കുന്നതെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആസൂത്രണ കമ്മിഷന്‍ 300 കോടി വകയിരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com