അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്കു പോലും അറിയില്ല, പിന്നെയാണോ ഈ നാട്ടിലെ സാധാരണക്കാര്‍?; എകെ ആന്റണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2019 10:26 AM  |  

Last Updated: 28th December 2019 10:26 AM  |   A+A-   |  

AK_ANTONY

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ആന്റണി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ്, ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള പൗരത്വ ഭേദഗതി. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുകയാണ് അതില്‍ ചെയ്തിട്ടുള്ളതെന്ന ആന്റണി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഒരുകാലത്തും ഇതിനെ അനുകൂലിക്കില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ എന്‍പിആറില്‍ മതത്തെക്കുറിച്ച് ചോദ്യമില്ല. ഇതു മറച്ചുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആന്റണി പറഞ്ഞു.

അച്ഛന്‍ എവിടെ ജനിച്ചു, അമ്മ  എവിടെ ജനിച്ചു, എന്നു  ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉള്ളത്. ഇതിനുള്ള രേഖകള്‍ ജനങ്ങള്‍ എങ്ങനെ ഹാജരാക്കും. അച്ഛന്റെയും അമ്മയുടെയുമൊന്നും ജനന തീയതി തനിക്കു പോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോയെന്ന് ആന്റണി ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോവും. കോണ്‍ഗ്രസ് ഒരുകാലത്തും ഇതിനെ അംഗീകരിക്കില്ല. ഇതു നടപ്പാക്കാന്‍ അനുവദിക്കുകയുമില്ലെന്ന ആന്റണി പറഞ്ഞു. കേരളത്തില്‍ നിയമത്തിനെതിരായ സമരത്തില്‍ ഭിന്നതയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാനത്തെ സമരങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത് അതത് സംസ്ഥാന ഘടകങ്ങളാണെന്ന് ആന്റണി പറഞ്ഞു.