ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വധശിക്ഷ; ശിക്ഷ വിധിച്ചത് പോക്‌സോ കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2019 06:53 AM  |  

Last Updated: 28th December 2019 06:53 AM  |   A+A-   |  

coimbatore

 

കോയമ്പത്തൂര്‍: ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒന്‍പത് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി. 

പോക്‌സോ പ്രകാരം സന്തോഷ് കുമാര്‍ എന്ന യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി, പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതിന് ഇയാള്‍ക്ക് വധശിക്ഷ വിധിക്കുന്നു എന്നാണ് വിധി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കല്‍ എന്നതിന് ഏഴ് വര്‍ഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്. 

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായിരുന്ന സന്തോഷ് കുമാര്‍ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സന്തോഷ് കുമാറിന്റെ വീട്ടില്‍ അമ്മുമ്മ മരിച്ച് രണ്ട് ദിവസം മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു എന്നതിനാല്‍ കുട്ടിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ ഇയാള്‍ക്ക് സാധിച്ചു. 

വിധി വരുന്നതിന് ഒരു ദിവസം മുന്‍പ് കുട്ടിയുടെ അമ്മ കേസില്‍ വീണ്ടും അന്വേഷണം വേണമെന്നാവശ്.പ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സന്തോഷ് കുമാറിന്റേതല്ലാതെ മറ്റൊരാളുടെ കൂടി ഡിഎന്‍എ സാമ്പിളുകള്‍ കണ്ടെത്തിയിരുന്നു. രണ്ടാമനെ പൊലീസ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അമ്മ നല്‍കിയ പരാതിയില്‍ ആരായുന്നു.