തൊഴിലില്ലായ്മ, സ്വകാര്യവത്കരണം; കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ബിഎംഎസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th December 2019 07:06 PM  |  

Last Updated: 28th December 2019 07:06 PM  |   A+A-   |  

bms_story_647_06jkk

 


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ രാജ്യവ്യാപകപ്രക്ഷോഭത്തിനൊരുങ്ങി ആര്‍എസ്എസ് അനുകൂല ട്രേഡ് യൂണിയന്‍ ബിഎംഎസ്. ഓഹരി വിറ്റഴിക്കല്‍, സ്വകാര്യവത്കരണം, കരാര്‍ നിയമനം  തുടങ്ങിയ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം. ജനുവരി മൂന്നിന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ മെഗാറാലി നടത്തും. രാജ്യത്ത് എല്ലായിടത്തും കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇതേ തുടര്‍ന്ന് തൊഴിലാളിക്ക് ജോലി സുരക്ഷയില്ലെന്നും ബിഎംഎസ് പറയുന്നു. പലപ്പോഴും തൊഴിലാളികളെ പിരിച്ചുവിടാനും പകരം ആളുകളെ നിയമിക്കാനും കരാര്‍ നിയമനം കാരണമാകുന്നു.

സര്‍ക്കാരിന്റെ ഈ തെറ്റായ നയം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് പരിപാടി. കരാര്‍ ജോലിക്കാരെ സ്ഥിരപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിഎംഎസ് പറയുന്നു.അംഗന്‍വാടി, ആശ ജീവനക്കാര്‍ പിഡിഎസ് തുടങ്ങിയ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ പദവി നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല്.എന്നാല്‍ സര്‍ക്കാരിന്റെ തെറ്റായ നയം മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുമെന്നും ബിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു. പ്രതിരോധ മേഖലയിലെ സ്വകാര്യവത്കരണം രാജ്യസുരക്ഷയെ ബാധിക്കുമെന്നും റെയില്‍വെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും ബിഎംഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു