പൗരത്വ നിയമത്തിനെതിരെ റോഡില്‍ 'കോലം' വരച്ച് പ്രതിഷേധം ; യുവതികള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍ ; ചോദിക്കാനെത്തിയ അഭിഭാഷകനും പിടിയില്‍

നോ ടു സിഎഎ, നോ ടു എന്‍ആര്‍സി, നോ ടു എന്‍പിആര്‍ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയാണ് ഇവര്‍ കോലം വരച്ചിരുന്നത്
പൗരത്വ നിയമത്തിനെതിരെ റോഡില്‍ 'കോലം' വരച്ച് പ്രതിഷേധം ; യുവതികള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍ ; ചോദിക്കാനെത്തിയ അഭിഭാഷകനും പിടിയില്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നിലെ റോഡിലാണ് യുവതികള്‍ അടങ്ങിയ സംഘം പ്രതിഷേധിച്ചത്. സംഭവത്തില്‍ അഞ്ച് യുവതികള്‍ അടക്കം ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നോ ടു സിഎഎ, നോ ടു എന്‍ആര്‍സി, നോ ടു എന്‍പിആര്‍ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയാണ് ഇവര്‍ കോലം വരച്ചിരുന്നത്.

ഗായത്രി, മദന്‍, ആരതി, കല്ല്യാണി, പ്രഗതി തുടങ്ങിയവരാണ് അറസ്റ്റിലായത്. രാവിലെ ഏഴുമണിയോടെയായിരുന്നു ഇവരുടെ പ്രതിഷേധം അരങ്ങേറിയത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനിലെ പെട്രോളിംഗ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ 24നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

റോഡില്‍ കോലം വരച്ച് പൊതുജനശല്യം ഉണ്ടാക്കി, വിദ്വഷേം പരത്താന്‍ ശ്മം, അനുവാദമില്ലാതെ പൊതുനിരത്തിലെ പ്രതിഷേധം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയതെന്ന് പൊലീസ് സൂചിപ്പിച്ചു. വീടുകള്‍ക്ക് മുന്നില്‍ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് കോലം വരയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. റോഡില്‍ ഇത്തരം കോലം വരയ്ക്കുന്നത് എന്തിനെന്നും പൊലീസ് ചോദിക്കുന്നു.

ബസന്ത് നഗറിലെ തൊട്ടടുത്ത കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റിയ ഇവരെ പത്തുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനിടെ ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ ഒരു അഭിഭാഷകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സ്റ്റേഷനില്‍ കയറി ബഹളം വെച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തുവെന്ന് സമരക്കാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com