ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു കിടന്ന ആ വീട് ഇപ്പോള്‍ ഡയഗ്നോസ്റ്റിക് സെന്റര്‍

By സമകാലിക മലയാളം  |   Published: 30th December 2019 10:31 AM  |  

Last Updated: 30th December 2019 10:31 AM  |   A+A-   |  

BURARI_HOUSE

 

ന്യൂഡല്‍ഹി; കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തത്. വീടിന്റെ താഴത്തെ നിലയിലായിട്ടായിരുന്നു 11 പേരും മരിച്ചു കിടന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ഇപ്പുറം ഈ വീട്ടില്‍ ആളുകളുടെ തിരക്കാണ്. നിഗൂഢത നിലനില്‍ക്കുന്ന വീട് കാണാന്‍ എത്തുന്നവര്‍ അല്ല അവര്‍. ഈ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡയഗ്നോസ്റ്റിക് സെന്ററില്‍ എത്തുന്ന രോഗികളാണ്. 

ഡല്‍ഹിയിലെ ബുരാരി ഹൗസാണ് ഇപ്പോള്‍ ഡയഗ്നോസ്റ്റിക് സെന്ററാക്കി മാറ്റിയിരിക്കുന്നത്. ദുരാത്മാക്കളില്‍ തനിക്ക് വിശ്വാസമില്ലെന്നും അതിനാലാണ് ഈ വീട് വാങ്ങിയത് എന്നുമാണ് ഡയഗ്നോസ്റ്റിക്‌സ് സെന്ററിന്റെ ഉടമ ഡോക്ടര്‍ മോഹന്‍ സിങ് പറയുന്നത്. 'ദുരാത്മാക്കളില്‍ എനിക്ക് വിശ്വാസമില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവിടേക്ക് വരില്ലായിരുന്നു. എന്റെ രോോഗികള്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ല. പരിശോധനയ്ക്കായി അവര്‍ ഇവിടേക്ക് വരുന്നുണ്ട്' അദ്ദേഹം പറഞ്ഞു. റോഡിന്റെ അടുത്തായതിനാല്‍ വളരെ സൗകര്യമാണെന്നും താനൊരു അന്തവിശ്വാസിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ ആത്മാക്കള്‍ക്ക് ശാന്തിലഭിക്കുന്നതിനുള്ള ഹോമങ്ങളും മറ്റും നടത്തിയതിന് ശേഷമാണ് മോഹന്‍ പരിശോധന കേന്ദ്രമാക്കിയത്. എന്നാല്‍ അത്തരം പൂജകള്‍ സാധാരണയാണെന്നും വിഘ്‌നങ്ങള്‍ ഒഴിവാക്കാനാണ് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഗണപതിയെ പൂജിക്കുന്നത് സാധാരണയാണെന്നുമാണ് അദ്ദേഹം പറയുന്നത്. വീടിരിക്കുന്ന ഭാഗത്തെ ആളുകളും ഈ കുടുംബത്തിന്റെ മരണത്തെക്കുറിച്ച് മറന്നു കഴിഞ്ഞു. സംഭവിച്ചതെല്ലാം സംഭവിച്ചെന്നും ഇപ്പോള്‍ എല്ലാം ഓക്കെയാണെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. 

ഒരു കുടുംബത്തിലെ 11 പേരുടെ മൃതദേഹമാണ് ബുരാരി ഹൗസില്‍ നിന്ന് കണ്ടെത്തിയത്. ഏഴു സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. എല്ലാവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു.