ജനറല്‍ ബിപിന്‍ റാവത്ത് രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 02:57 PM  |  

Last Updated: 30th December 2019 02:57 PM  |   A+A-   |  

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. നിലവില്‍ കരസേന മേധാവിയാണ് റാവത്ത്. ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫാകുന്ന ആദ്യത്തെ വ്യക്തിയാണ് ബിപിന്‍ റാവത്ത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പുതിയ സിഡിഎസ്സിനെ നിയമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

കരസേന മേധാവി സ്ഥാനത്തുനിന്നും നാളെ (ഡിസംബര്‍ 31 ന്)  വിരമിക്കാനിരിക്കെയാണ് ജനറല്‍ ബിപിന്‍ റാവത്തിനെ തേടി പുതിയ ദൗത്യം എത്തുന്നത്. സൈനിക മേധാവിമാര്‍ക്ക് തുല്യമായി നാലു സ്റ്റാര്‍ ഉള്ള ജനറല്‍ പദവിയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റേത്. അതേസമയം പ്രോട്ടോക്കോള്‍ പ്രകാരം സൈനിക മേധാവിയേക്കാള്‍ മുകളിലാണ്.

സൈന്യവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ പ്രധാന ഉപദേശകനായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. 62 വയസ്സോ, പദവിയില്‍ മൂന്നു വര്‍ഷമോ എതാണ് ആദ്യം പൂര്‍ത്തിയാകുന്നത്, അതാണ് സൈനിക മേധാവിമാരുടെ കാലാവധി. എന്നാല്‍ സിഡിഎസിന്റെ കാലാവധി സര്‍ക്കാര്‍ കൃത്യമായി നിശ്ചയിച്ചിട്ടില്ല.

സിഡിഎസ്സിന് പരമാവധി 65 വയസ്സുവരെ പദവിയില്‍ തുടരാനാകുമെന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. സിഡിഎസ് നിയമനത്തിന് മുന്നോടിയായി, സൈന്യത്തിന്റെ സര്‍വീസ് റൂള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ കഴിഞ്ഞദിവസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നാരാവനെ, ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി കരസേനയുടെ പുതിയ മേധാവിയാകും.