പ്രതിഷേധക്കാര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന പരാമര്‍ശം : മീററ്റ് എസ്പിക്കെതിരെ നടപടി ; ശാസന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 10:26 AM  |  

Last Updated: 30th December 2019 10:26 AM  |   A+A-   |  


 

ലക്‌നൗ: പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട മീററ്റ് എസ് പി അഖിലേഷ് നാരായണ്‍ സിങ്ങിന് ശാസന. ഉത്തര്‍പ്രദേശ് ഡിജിപിയുടേതാണ് നടപടി. പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി സ്വീകരിച്ചത്.  സിങ്ങിന്റെ പെരുമാറ്റത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരുന്നു.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് മീററ്റ് എസ്.പി. അഖിലേഷ് നാരായണ്‍ സിങ്ങ്  പ്രതിഷേധക്കാര്‍ക്കെതിരേ വര്‍ഗീയച്ചുവയോടെ സംസാരിച്ചത്. വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞു മടങ്ങുന്ന ചിലരെ സമീപിച്ച സിങ്, പ്രതിഷേധിക്കുന്നവരോട് പാകിസ്ഥാനിലേക്കു പോകാന്‍ പറയുന്നതാണ് ദൃശ്യം. ഓരോവീട്ടില്‍നിന്നും ഒരാളെ വീതം ജയിലിലടയ്ക്കുമെന്നും എല്ലാവരെയും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മീററ്റ് എസ്പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇന്നലെ രംഗത്തെത്തിയിരുന്നു. . മീററ്റ് എസ് പിയുടെ പ്രസ്താവനയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിലുള്ള ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അപലപനീയമാണ്. അടിയന്തരമായി ആ പൊലീസ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നും നഖ്‌വി പ്രതികരിച്ചു.

അക്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. അതൊരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കില്ല. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.