ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചു; എല്ലാവരും ഹിന്ദുക്കളാണെന്ന പരാമര്‍ശത്തില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 07:22 PM  |  

Last Updated: 30th December 2019 07:22 PM  |   A+A-   |  

 

ഹൈദരാബാദ്: ഇന്ത്യയിലെ 130കോടി ജനങ്ങളും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. ഹൈദരാബാദിലെ കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവുവാണ് പരാതിയുമായി രംഗത്തെത്തിയത്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചെന്ന് കാട്ടിയാണ് എല്‍ബി നഗര്‍ പൊലീസില്‍ റാവു പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയിന്‍മേല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കേസെടുക്കുന്നതിന് മുമ്പ് നിയമോപദേശം തേടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 'ഭാഗവതിന്റെ പ്രസ്താവന മുസ്ലിം, ക്രിസ്ത്യന്‍, സിഖ് പാര്‍സി  വിഭാഗങ്ങളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വേദനിപ്പിക്കുന്നതാണ്. മാത്രവുമല്ല, ഇന്ത്യന്‍ ഭരണഘടനക്കും എതിരാണ്. ഇത് സാമുദായിക സംഘര്‍ഷത്തിന് കാരണമാകും. ഇത് ഹൈദരാബാദിലെ ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാം- റാവു പറഞ്ഞു.

ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് ഭാഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്‌നേഹിക്കുന്നവരാകുമെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.