ഒരു മാസത്തിനിടെ രണ്ടാമതും ഉപമുഖ്യമന്ത്രി: അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു; ആദിത്യയും മന്ത്രിസഭയില്‍,പുതിയതായി 36 അംഗങ്ങള്‍

ഒരു മാസത്തിനിടെ രണ്ടാമതും ഉപമുഖ്യമന്ത്രി: അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു; ആദിത്യയും മന്ത്രിസഭയില്‍,പുതിയതായി 36 അംഗങ്ങള്‍

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ശിവസേനയുടെ നേതൃത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരില്‍ 36 മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ വികസനമാണിത്. എന്‍സിപിയുടെ പത്ത് ക്യാബിനറ്റ് റാങ്കിലുള്ളവരും നാല് മന്ത്രിമാരും ശിവസേനയുടെ എട്ട് ക്യാബിനറ്റ് റാങ്കിലുള്ളവരും നാല് മന്ത്രിമാരും കോണ്‍ഗ്രസിന്റെ എട്ട് ക്യാബിനറ്റ്, രണ്ട് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. 

ഇതോടെ എന്‍സിപിക്ക് 12 ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമായി. ശിവസേനയ്ക്ക് പത്ത് ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമാണുള്ളത്. കോണ്‍ഗ്രസിന് പത്ത് ക്യാബിനറ്റ് മന്ത്രിമാരും രണ്ട് മന്ത്രിമാരുമാണുള്ളത്. 

മുഖ്യമന്ത്രി ഉള്‍പ്പെടെ 43 മന്ത്രിമാരാണ് നിലവില്‍ സര്‍ക്കാരിനുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും ശിവസേനയുടെ യുവജനവിഭാഗമായ യുവസേയുടെ നേതാവും ഉദ്ധവിന്റെ മകനുമായ ആദിത്യ താക്കറെയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

ഒരു മാസത്തിനുള്ളില്‍ ഉപമുഖ്യമന്ത്രിയായി രണ്ടാം തവണയാണ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബര്‍ 26ന് എന്‍സിപിയില്‍ നിന്ന് ബിജെപിക്കൊപ്പം പോയ അജിത്, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാജിവച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാര്‍ ഒപ്പമില്ലെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരന്നു രാജി. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു. 

മുതിര്‍ന്നന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന് താക്കറെ സര്‍ക്കാരില്‍ ഇടംകണ്ടെത്താനായില്ല. കോണ്‍ഗ്രസിനും എന്‍സിപിക്കും പുറമേ സഖ്യത്തിനെ പിന്തുണക്കുന്ന സ്വതന്ത്രനും പ്രഹാര്‍ ജനശക്തി പാര്‍ട്ടിക്കും ക്രാന്തികാരി ഷെത്കരി പക്ഷയ്ക്കും മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com