കനത്തമൂടൽ മഞ്ഞിൽ കാർ നിയന്ത്രണം വിട്ടു കനാലിലേക്ക് മറിഞ്ഞു; കുട്ടികൾ അടക്കം ആറുപേർ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 08:42 AM  |  

Last Updated: 30th December 2019 08:42 AM  |   A+A-   |  

accident

 

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറ് പേർ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

കനത്ത മൂടല്‍മഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

രണ്ടാഴ്ചയോളമായി ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയിലാണ്. തുടർന്ന് ഡൽഹി, യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്.  കട്ടിയേറിയ മൂടല്‍മഞ്ഞു മൂലം ഡല്‍ഹയില്‍ വിമാന-തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 30 തീവണ്ടികള്‍ വൈകിയോടുന്നു. 50 മീറ്റര്‍ അകലെയുള്ള കാഴ്ചകള്‍ പോലും വ്യക്തമല്ലാത്തതിനാല്‍ എമര്‍ജന്‍സി ലൈറ്റ് ഇട്ടാണ് വാഹനങ്ങള്‍ യാത്രചെയ്യുന്നത്.