കേരളം ഒന്നാമത് തന്നെ; നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും പിന്നില്‍ ബിഹാര്‍

നിതി ആയോഗിന്റെ ഈ വര്‍ഷത്തെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ശിശുദിന ആഘോഷങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം
ശിശുദിന ആഘോഷങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ ഈ വര്‍ഷത്തെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബിഹാറാണ് ഏറ്റവും പിന്നില്‍. ഉത്തര്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നിവയ്ക്കു പുരോഗതിയുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു പുരോഗതിയും സംഭവിക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്.

70 പോയിന്റോടെ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡും ഒന്നാം റാങ്ക് നേടി. ഹിമാചല്‍ പ്രദേശിനാണ് രണ്ടാം സ്ഥാനം. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവ മൂന്നാം സ്ഥാനം നേടി. ബിഹാര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവയാണ് എസ്ഡിജി സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങള്‍.

ആരോഗ്യരംഗത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. 'വെള്ളം, ശുചിത്വം, വൈദ്യുതി, വ്യവസായം എന്നിവയില്‍ ഇന്ത്യയുടെ സംയോജിത സ്‌കോര്‍ 2018 ല്‍ 57 ല്‍ നിന്ന് 2019 ല്‍ 60 ആയി ഉയര്‍ന്നു. എന്നിരുന്നാലും, പോഷകാഹാരവും ലിംഗഭേദവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള മേഖലകളായി തുടരുന്നു. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമീപനം ആവശ്യമാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം സ്ഥാനത്തുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം 12 മേഖലകളില്‍ രാജ്യ ശരാശരിയേക്കാള്‍ തുല്യമോ മികച്ചതോ ആയ സ്ഥാനം നിലനിര്‍ത്തുന്നു. മറ്റു രണ്ട് സംസ്ഥാനങ്ങളും 11 മേഖലകളില്‍ മുന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com