പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭം; നഷ്ടം 80 കോടി; പ്രതിഷേധക്കാർ തരണമെന്ന് റെയിൽവേ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 30th December 2019 10:34 PM  |  

Last Updated: 30th December 2019 10:34 PM  |   A+A-   |  

train

 

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ റെയിൽവേയ്ക്ക് നഷ്ടം 80 കോടി രൂപ. നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. 80 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് ഉണ്ടായത്. ഇതില്‍ ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയുടെ നഷ്ടവും നോര്‍ത്ത്ഈസ്റ്റ് റെയില്‍വേയ്ക്ക് 10 കോടിയുടെ നഷ്ടവും ഉണ്ടായെന്ന് അധികൃതർ വ്യക്തമാക്കി. 

ഇത് പ്രാഥമിക കണക്കെടുപ്പാണെന്നും അവസാനവട്ട അവലോകനത്തിന് ശേഷം ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആര്‍പിഎഫ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ബംഗാളിലെ മുര്‍ഷിദാബാദില്‍ ഈ മാസം ആദ്യം അഞ്ച് ട്രെയിനുകളാണ് അഗ്നിക്കിരയാക്കിയത്. അസമിലും ട്രെയിനുകള്‍ക്ക് തീയിട്ടിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനം നടപടികള്‍ സ്വീകരിച്ചുവെന്നും വീണ്ടെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വിനോദ് കുമാര്‍ യാദവ് അറിയിച്ചു.