കരസേനയ്ക്ക് ഇനി പുതിയ തലവന്‍ ; ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2019 12:37 PM  |  

Last Updated: 31st December 2019 01:12 PM  |   A+A-   |  

 

ന്യൂഡല്‍ഹി : ഇന്ത്യന്‍ കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28-ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ.

നിലവില്‍ കരസേന ഉപമേധാവിയായിരുന്നു ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. ഈസ്‌റ്റേണ്‍ കമാന്‍ഡിന്റെ ചുമതലക്കാരനായിരുന്നു അദ്ദേഹം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 4000 കിലോമീറ്റര്‍ അതിര്‍ത്തിയുടെസുരക്ഷ കാര്യങ്ങള്‍ ഈസ്‌റ്റേണ്‍ കമാന്‍ഡാണ് കൈകാര്യം ചെയ്യുന്നത്.

കരസേനയില്‍ 37 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള നാരാവ്‌നെ, നിരവധി പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ മേഖല തുടങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളിലും സേവനം അനുഷ്ഠിച്ചു. ജമ്മുവില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ കമാന്‍ഡന്റായും ജോലി നോക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന ദൗത്യ സംഘാംഗമായിരുന്നു. മൂന്നുവര്‍ഷം മ്യാന്മര്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും സേവനം ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ അനുഷ്ഠിച്ചിട്ടുണ്ട്.

പുതിയ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെയ്ക്ക് മൂന്നുവര്‍ഷം പദവിയില്‍ കാലാവധിയുണ്ട്. അതേസമയം സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേല്‍ക്കും. അദ്ദേഹത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചൈനയും പാകിസ്ഥാനും അടക്കം അതിര്‍ത്തിയിലെ ഏത് വെല്ലുവിളിയും നേരിടാന്‍ കരസേന പൂര്‍ണ്ണസജ്ജമാണെന്ന് സ്ഥാനമൊഴിഞ്ഞ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.