എല്ലാ കോച്ചുകളും നിരീക്ഷണവലയത്തിലേക്ക്, സിസിടിവി ക്യാമറകള്‍, ക്രിമിനലുകളുടെ മുഖം തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; റെയില്‍വേ കൂടുതല്‍ 'സ്മാര്‍ട്ടാകുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2019 12:43 PM  |  

Last Updated: 31st December 2019 12:43 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  ട്രെയിന്‍ കോച്ചുകളിലെ സുരക്ഷ റെയില്‍വേ  ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു. ക്രിമിനലുകളെയും അക്രമികളെയും തിരിച്ചറിയുന്നതിന് ട്രെയിനുകളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള നൂതന സാങ്കേതികവിദ്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

2022 മാര്‍ച്ചോടെ രാജ്യത്ത് ഓടുന്ന മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം 58,600 കോച്ചുകള്‍ സിസിടിവി നിരീക്ഷണത്തിലാകും. സുരക്ഷിത യാത്ര ഉറപ്പുവരുത്താനാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന് പുറമേ ക്രിമിനലുകളുടെ മുഖം തിരിച്ചറിയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്നും വി കെ യാദവ് പറഞ്ഞു.

കോച്ചുകളിലെ ഇടനാഴിയിലും വാതിലുകള്‍ക്ക് മുകളിലുമാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. ആരുടെയും സ്വകാര്യത നഷ്ടപ്പെടുത്താതെ തന്നെ ക്യാമറകള്‍ സ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് പുറമേ രാജ്യത്തെ 6100 സ്റ്റേഷനുകളും നിര്‍ദിഷ്ട സമയത്ത് തന്നെ സിസിടിവി ക്യാമറകളുടെ നിരിക്ഷണവലയത്തിലാക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

സ്റ്റേഷനുകളിലും കോച്ചുകളിലുമുളള അക്രമികളെ തിരിച്ചറിയാന്‍ ക്രിമിനലുകളുടെ ഡേറ്റാ ബേസുമായി സിസ്റ്റത്തെ ബന്ധിപ്പിക്കും. അതുവഴി സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കാനുളള വഴിയാണ് റെയില്‍വേ സുരക്ഷാ സേന തേടുന്നത്.