ഷൂ കൊണ്ട് തല്ലി, മൂത്രം കുടിപ്പിച്ചു, മാല തട്ടിപ്പറിച്ചു; പൊലീസുകാരനെ ആക്രമിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2019 01:17 PM  |  

Last Updated: 31st December 2019 01:17 PM  |   A+A-   |  

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസുകാരനെ ക്രൂരമായി മര്‍ദിക്കുകയും സ്വര്‍ണ ചെയ്ന്‍ അടക്കം വിലപ്പിടിപ്പുളള വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബാര്‍ഖേര എംഎല്‍എയായ കിഷന്‍ ലാല്‍ രാജ്പൂത്തും അനുയായികളും ഉള്‍പ്പെടെ 50ലധികം ആളുകള്‍ക്കെതിരെയാണ് കേസ്.

പൊലീസ് കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജാര്‍ ആണ് പരാതിക്കാരന്‍. രാഹുല്‍ എന്ന ആളില്‍ നിന്ന് 50,000 രൂപയ്ക്ക് മോഹിത് ബൈക്ക് വാങ്ങിയിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം ഗുര്‍ജാറിന്റെ പേരിലേക്ക് മാറ്റുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു. നിയമപ്രകാരമുളള രജിസ്‌ട്രേഷന്‍ രേഖയില്ലാത്തതാണ് ഇതിന് കാരണം. ഇതോടെ പണം തിരികെ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്കുളള കാരണം.പണം തിരികെ ചോദിച്ചതിന് രാഹുല്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് മോഹിത് ഗുര്‍ജാര്‍ ആരോപിക്കുന്നു.

തുടക്കത്തിലെ അസഭ്യം പറച്ചില്‍ കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് നേരെ സംഘം വെടിയുതിര്‍ത്തെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് മോഹിത് പറയുന്നു. അതിനിടെ, തന്റെ കയ്യില്‍ കിടന്ന സ്വര്‍ണ ചെയ്ന്‍ ഉള്‍പ്പെടെയുളളവ തട്ടിയെടുക്കുകയും  ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി മോഹിത് പറയുന്നു.

ജീവന്‍ രക്ഷിക്കാന്‍ താന്‍ അസം റോഡ് പൊലീസ് പോസ്റ്റില്‍ അഭയം തേടി. എന്നാല്‍ തന്നെ പിന്തുടര്‍ന്ന് എത്തിയ രാജ്പൂത്ത് അടങ്ങുന്ന സംഘം തന്നെ ഷൂ കൊണ്ട് തല്ലിയതായി  പൊലീസുകാരന്റെ പരാതിയില്‍ പറയുന്നു. നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കാന്‍ സംഘത്തോട് എംഎല്‍എ നിര്‍ദേശിച്ചു.ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനിന്നതായും മോഹിത് ആരോപിക്കുന്നു. പൊലീസില്‍ നിന്ന് സഹായം ലഭിക്കാതെ വന്നതോടെ മോഹിത് കോടതിയെ സമീപിക്കുകയായിരുന്നു.