ആദായനികുതിയില്‍ വന്‍ ഇളവ്, തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ പണം; ബജറ്റില്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ 

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ ബജറ്റ്പ്രഖ്യാപനം
ആദായനികുതിയില്‍ വന്‍ ഇളവ്, തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ പണം; ബജറ്റില്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ ബജറ്റ്പ്രഖ്യാപനം. ഇടത്തരക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നവിധം ആദായനികുതി ഇളവുപരിധി ഉയര്‍ത്തി. ആദായനികുതി ഇളവുപരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ബജറ്റില്‍ നിര്‍ദേശിച്ചു. പദ്ധതി പ്രകാരം ചെറുകിട കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും ആറായിരം രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കുമെന്ന് ധനമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 60 വയസ് കഴിഞ്ഞ അസംഘടിത മേഖല തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് മറ്റൊരു ജനകീയ പ്രഖ്യാപനം. പ്രതിമാസം 3000 രൂപ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്.
 
മൂന്നു കോടി ജനങ്ങള്‍ക്കാണ് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കുക. നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപപദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തുന്നതോടെ, പ്രത്യക്ഷത്തില്‍ ആറര ലക്ഷം രൂപ വരെയുളള വരുമാനത്തിന് ആദായനികുതി ഒടുക്കേണ്ടി വരില്ലെന്ന് ബജറ്റില്‍ പീയുഷ് ഗോയല്‍ വ്യക്തമാക്കി. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുളള കര്‍ഷകരാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ വരിക. പ്രതിവര്‍ഷം ആറായിരം രൂപ വീതം ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നല്‍കും. 75000 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. 

പ്രതിരോധമേഖലയ്ക്ക് ചരിത്രത്തിലാദ്യമായി ഇത്രയുമധികം തുക നീക്കിവെയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. മൂന്ന് ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.  റെയില്‍വേയ്ക്ക് 64,000 കോടി രൂപ വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കും മികച്ച പരിഗണനയാണ് ബജറ്റില്‍ ലഭിച്ചത്. 60,000 കോടി രൂപയാണ് നീക്കിവെച്ചത്. 

നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ബജറ്റില്‍ കളളപ്പണം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞു. നോട്ടുനിരോധനത്തിന് ശേഷം പുതിയതായി ഒരു കോടി നികുതിദായകര്‍ ആദായനികുതി പരിധിയില്‍ വന്നതായി പീയുഷ് ഗോയല്‍ ബജറ്റില്‍ പറഞ്ഞു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് 10 ഇന പരിപാടിയും പീയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 2030 ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങളാണിവ.

ഗ്രാമീണമേഖലയില്‍ ഗൃഹനാഥയ്ക്ക് പാചകവാതക കണക്ഷന്‍ സൗജന്യമായി നല്‍കുന്ന ഊജ്വല യോജനപദ്ധതി പ്രകാരം ഇതുവരെ ആറുകോടി എല്‍പിജി കണക്ഷനുകള്‍ നല്‍കി. ഈ വര്‍ഷം ഇതിന്റെ പരിധിയില്‍ വരുന്ന എട്ടുകോടി കുടുംബങ്ങള്‍ക്കും പാചകവാതക കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ബജറ്റില്‍ പറയുന്നു. നീണ്ടകാലത്തെ ആവശ്യമായ ഫിഷറീസിന് പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ആവശ്യത്തിന് ബജറ്റ് അംഗീകാരം നല്‍കി. പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ബജറ്റില്‍ പീയുഷ് ഗോയല്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുളള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 58166 കോടി രൂപയാണ് നീക്കിവെച്ചത്.

സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുളള പ്രധാനമന്ത്രി മുദ്രയോജന ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് സ്ത്രീകളാണ് . സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ പ്രതിഫലനമാണിതെന്ന് ബജറ്റില്‍ പീയുഷ് ഗോയല്‍ പറയുന്നു. പ്രസവാവധി 26 ആഴ്ചയായി ഉയര്‍ത്തിയതും പ്രധാനമന്ത്രി മാതൃത്വ യോജനയും സ്ത്രീ ശാക്തീകരണത്തിന്റെ മറ്റു ഉദാഹരണങ്ങളാണ്. 

പ്രത്യക്ഷനികുതി പിരിവ് 6.38 ലക്ഷം കോടി രൂപയില്‍ നിന്ന് 12 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തെ 10 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com