തലപ്പത്തേക്ക് പരി​ഗണിക്കുന്നത് വനിതയെ ? സിബിഐ ഡയറക്ടർ നിയമനം; ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും

സിബിഐ ഡയറക്ടറെ നയമിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് യോ​ഗം ചേർന്നേക്കും
തലപ്പത്തേക്ക് പരി​ഗണിക്കുന്നത് വനിതയെ ? സിബിഐ ഡയറക്ടർ നിയമനം; ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും

ന്യൂഡൽഹി: സിബിഐ ഡയറക്ടറെ നയമിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് യോ​ഗം ചേർന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി ഇന്ന് വൈകിട്ട് ആറോടെ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കഴിഞ്ഞ 24നു നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പരിഗണനാ പട്ടികയിലുള്ളവരെ സംബന്ധിച്ച ആവശ്യ വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നു ഖർഗെ അറിയിച്ചതിനെ തുടർന്നായിരുന്നു യോഗം മാറ്റിയത്.

അടുപ്പക്കാരെ അധികാരപദവിയിലെത്തിക്കുന്നുവെന്ന പേരുദോഷം ഒഴിവാക്കാൻ സിബിഐയുടെ തലപ്പത്തു വനിതയെ നിർദേശിക്കാനാണ് സർക്കാർ നീക്കമെന്നറിയുന്നു. 56 വർഷം പിന്നിട്ട ഏജൻസിയിൽ ഡയറക്ടർ സ്ഥാനത്തു ഇന്നുവരെ വനിതയെ നിയമിച്ചിട്ടില്ല. ഡയറക്ടർ സ്ഥാനത്ത് വനിത എത്തിയാൽ അത് ചരിത്രമാകും. മധ്യപ്രദേശ് കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ റിന മിത്രയാണ് പരിഗണന പട്ടികയിലുള്ള പേരുകളിൽ ഏറ്റവും സാധ്യതയുള്ള വനിത. തുടർ വിവാദങ്ങളുടെ നിഴലിൽ നിന്നു സിബിഐയുടെ മുഖം തിരിച്ചുപിടിക്കാൻ ഇതു കൊണ്ടു കഴിയുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. 

പേഴ്സണൽ മന്ത്രാലയം തയാറാക്കിയ 12 അംഗ ചുരുക്ക പട്ടികയിലും റിനയുടെ പേരുണ്ട്. ബംഗാളിൽ വേരുകളുള്ള റിന, 1983 ബാച്ച് ഉദ്യോഗസ്ഥയാണ്. നിലവിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്പെഷൽ സെക്രട്ടറി പദവി വ​ഹിക്കുകയാണ് അവർ. വിവാദങ്ങളിൽ നിന്നൊഴിഞ്ഞു നിന്നുവെന്നതും സിബിഐയിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെന്നതും റിനയ്ക്ക് തുണയാകുമെന്നും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com