ആദായ നികുതി ഇളവ് ഇരട്ടിയാക്കി, അഞ്ചു ലക്ഷം വരെ നികുതിയില്ല; നിക്ഷേപമുള്ളവര്‍ക്ക് ആറര ലക്ഷം വരെ ഇളവ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ആദായ നികുതി ദായകര്‍ക്ക് വന്‍ ഇളവുകള്‍
ആദായ നികുതി ഇളവ് ഇരട്ടിയാക്കി, അഞ്ചു ലക്ഷം വരെ നികുതിയില്ല; നിക്ഷേപമുള്ളവര്‍ക്ക് ആറര ലക്ഷം വരെ ഇളവ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ആദായ നികുതി ദായകര്‍ക്ക് വന്‍ ഇളവുകള്‍. ആദായ നികുതി ഇളവു പരിധി രണ്ടര ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി.

അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികളെ നികുതിയിലും പൂര്‍ണമായി ഒഴിവാക്കുകയാണെന്ന് ധനമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില് പറഞ്ഞു. പ്രൊവിഡന്റ് ഫണ്ടിലും നിശ്ചിത ഇക്വിറ്റികളിലും നിക്ഷേപം നടത്തുന്നവര്‍ക്ക് ആറര ലക്ഷം വരെ ആദായ നികുതി നല്‍കേണ്ടതില്ല. ശമ്പള വിഭാഗത്തില്‍പ്പെട്ട മൂന്നു കോടി ആളുകള്‍ക്ക് ഈ പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 40,000ല്‍നിന്ന് 50,000 ആക്കി ഉയര്‍ത്തുകയാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. പോസ്റ്റ് ഓഫിസ് നിക്ഷേപത്തിന്റെ 40,000 രൂപ വരെയുള്ള പലിശയ്ക്കു നികുതി ഉണ്ടാവില്ല. പുതിയ വീടുകള്‍ക്കായി 2020 വരെയുള്ള രജിസ്‌ട്രേഷനെ നികുതിയില്‍നിന്ന് ഒഴിവാക്കി. രണ്ടാമതു വാങ്ങുന്ന വീടിന്റെ വാടകയ്ക്കും നികുതി നല്‍കേണ്ടതില്ല. ഈ വര്‍ഷം നിലവിലെ നിരക്കുകള്‍ തുടരുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

നിലവില്‍ രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവരെയാണ് ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇത് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇളവു പരിധി ഇരട്ടിയാക്കി അഞ്ചു ലക്ഷം രൂപയാക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതായി കോണ്‍ഗ്രസ് ആക്ഷേപവും ഉയര്‍ത്തി.

ആദായ നികുതി റിട്ടേണ്‍ സമര്‍ക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമാക്കുമെന്ന് ബജറ്റില്‍ പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഒരു നികുതി ഉദ്യോഗസ്ഥനും വീട്ടില്‍ വരുന്ന സാഹചര്യമുണ്ടാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. റീഫണ്ട് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നല്‍കുന്നതിനു സംവിധാനമൊരുക്കുമെന്നും പ്രഖ്യാപനമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com