മോദി വലിയ പരീക്ഷണങ്ങള്‍ നേരിടുന്നതിന്റെ തെളിവ്; തെരഞ്ഞെടുപ്പ് ബജറ്റെന്ന് മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
മോദി വലിയ പരീക്ഷണങ്ങള്‍ നേരിടുന്നതിന്റെ തെളിവ്; തെരഞ്ഞെടുപ്പ് ബജറ്റെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് പീയൂഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും  വാരിക്കോരി നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര വലി പരീക്ഷണം നേരിടുന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള ആനുകൂല്യ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളത് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റൊരു ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റിനെ വാനോളം പുകഴ്ത്തിയ അദ്ദേഹം നികുതിദായകരുടെ സത്യസന്ധതയാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടിയതെന്നും പറഞ്ഞു. ബജറ്റ് വരാന്‍ പോകുന്ന വികസനങ്ങളുടെ ട്രെയിലര്‍ മാത്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം കൂടുതല്‍ പുരോഗതിയാര്‍ജ്ജിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മധ്യവര്‍ഗക്കാരില്‍ നിന്ന് തൊഴിലാളികള്‍ വരെ, കര്‍ഷകരുടെ വളര്‍ച്ച മുതല്‍ വ്യവസായികളുടേത് വരെ, ഉത്പാദന രംഗം മുതല്‍ എംഎസ്എംഇ സെക്ടര്‍ വരെ സാമ്പത്തിക വളര്‍ച്ച മുതല്‍ പുതിയ ഇന്ത്യവരെ എല്ലാ തലങ്ങളിലുമുള്ളവരെ പരിഗണിക്കുന്നതാണ് ഇടക്കാല ബജറ്റെന്ന് മോദി പറഞ്ഞു.

രാജ്യത്തെ മധ്യവര്‍ഗം കാണിച്ച സത്യസന്ധതയാണ് പുരോഗതിക്ക് വേഗം കൂട്ടിയതെന്ന് പറഞ്ഞ മോദി , നികുതിപ്പണം വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവെന്നും വ്യക്തമാക്കി. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടന്ന് വരികയാണെങ്കിലും തന്റെ സര്‍ക്കാരിന് അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു. അഭിമാനകരമായ നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പാവങ്ങളുടെ ശാക്തീകരണവും കര്‍ഷകരുടെ ക്ഷേമവും തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിടുന്നതുമാണ് ബജറ്റ്. മധ്യവര്‍ഗ്ഗക്കാരന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നതിനും വ്യാപാര ബന്ധങ്ങളുടെ വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ബജറ്റ് കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പുതിയ ഇന്ത്യ' യുടെ സ്വപ്‌നങ്ങളിലേക്ക് എത്തിച്ചേരാന്‍ രാജ്യത്തെ 130 കോടി വരുന്ന ജനങ്ങള്‍ക്ക് ബജറ്റ് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com