രാഹുലിന്റെ വാഗ്ദാനം ഓരോ കുടുംബത്തിനും പതിനായിരത്തില്‍ കുറയാത്ത തുക; പദ്ധതിക്ക് പിന്നില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍

 പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തിന് പിന്നില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശം.
രാഹുലിന്റെ വാഗ്ദാനം ഓരോ കുടുംബത്തിനും പതിനായിരത്തില്‍ കുറയാത്ത തുക; പദ്ധതിക്ക് പിന്നില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി:  പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തിന് പിന്നില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശം. 2015ലെ നൊബേല്‍ സമ്മാന ജേതാവും ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആഗസ് ഡാറ്റണും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയും പാര്‍ട്ടിയുടെ സ്വപ്‌നപദ്ധതിക്ക് രൂപം നല്‍കാന്‍ സഹായം വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരുടെയും സിദ്ധാന്തങ്ങള്‍ രാഹുല്‍ ഗാന്ധി പഠിച്ചിട്ടുണ്ട്. പിക്കറ്റിയുടെ ക്യാപിറ്റല്‍ ഇന്‍ ദ ട്വിന്റി ഫസ്റ്റ് സെഞ്ചുറി എന്ന വിഖ്യാത പുസ്തകം രാഹുല്‍ ഗാന്ധിയുടെ ഇഷ്ടവിഷയമാണ്. സാമ്പത്തിക അസമത്വത്തെ പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. പലപ്പോഴും സാമ്പത്തികവിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കൂട്ടുപിടിക്കുന്നത് ഈ പുസ്തകത്തെയാണ്. സമ്പന്നന്മാര്‍ വീണ്ടും സമ്പന്നന്മാര്‍ ആകുന്നു, പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരാകുന്നു എന്ന് രാഷ്ട്രീയ പ്രസംഗങ്ങളില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചുപറയുന്നത് ഈ പുസ്തകത്തെ ഉദ്ധരിച്ചാണ്.  സമാനമായ നിലയില്‍ സാമ്പത്തിക അസമത്വം തന്നെയാണ് ആഗസ് ഡാറ്റണിന്റെയും പഠനവിഷയം. ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് അദ്ദേഹം പട്ടിണി, തൊഴില്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യസെന്നുമായി ചേര്‍ന്നും ഇദ്ദേഹം പുസ്തകം രചിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുമെന്ന പദ്ധതിയ്ക്ക് ഉപദേശം തേടി കോണ്‍ഗ്രസ് ഇരു സാമ്പത്തിക ശാസ്ത്രജ്ഞന്മാരെയും സമീപിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസമാണ് രാഹുല്‍ ഗാന്ധി തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കുറഞ്ഞവരുമാനം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നല്‍കിയത്. ഇത് കുടുംബങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എത്ര രൂപയാണ് കുറഞ്ഞവരുമാനമായി നിശ്ചയിക്കുക എന്നതിനെ സംബന്ധിച്ച് അദ്ദേഹം സൂചന നല്‍കിയില്ല. എന്തായാലും പ്രതിമാസം പതിനായിരത്തിലധികമായിരിക്കും തുക എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലായിരിക്കും ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിടുകയുളളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് മിനിമം വരുമാനം എന്ന വാഗ്ദാനം രാഹുല്‍ പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡോ മന്‍മോഹന്‍സിംഗ്, ചിദംബരം തുടങ്ങിയവരുമായി കൂടിയാലോചനകള്‍ നടത്തിയശേഷമായിരുന്നു രാഹുലിന്റെ പ്രഖ്യാപനം എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com