തെന്നിന്ത്യ പിടിക്കാന്‍ രാഹുലിനൊപ്പം പ്രിയങ്കയും വരണം; ദക്ഷിണേന്ത്യയില്‍ കോളിളക്കമുണ്ടാകുമെന്ന് കോണ്‍ഗ്രസ്

കേരളത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസും പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തി
തെന്നിന്ത്യ പിടിക്കാന്‍ രാഹുലിനൊപ്പം പ്രിയങ്കയും വരണം; ദക്ഷിണേന്ത്യയില്‍ കോളിളക്കമുണ്ടാകുമെന്ന് കോണ്‍ഗ്രസ്

ബെംഗലൂരു: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രിയങ്ക പങ്കെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസും പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും പ്രചാരണത്തിന് വേണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാന്‍ എച്ച്‌കെ പാട്ടീല്‍ പറഞ്ഞു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ പ്രിയങ്ക വന്നാല്‍ ദക്ഷിണേന്ത്യയില്‍ വലിയ കോളിളക്കം സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999ല്‍ സോണിയ ഗാന്ധി ആദ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ട കര്‍ണാടകയിലെ ബെല്ലാരിയില്‍ സുഷമാ സ്വരാജിന് എതിരെ പ്രചാരണം നടത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. നേരത്തെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയ മത്സരിച്ച മണ്ഡലത്തില്‍ നിന്ന പ്രിയങ്ക തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കര്‍ണാടക കോണ്‍ഗ്രസിന്റെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഉഡുപ്പിചിക് മഗലുര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് ഉഡുപ്പിചിക് മഗലുര്‍ കോണ്‍ഗ്രസ് കമ്മിറ്റിയാണ് രംഗത്ത് വന്നത്. 

41 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുടെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത് ഇവിടെ നിന്നായിരുന്നു.

1977ലെ അടിയന്തരാവസ്ഥ കാലത്തിനു ശേഷം ഇന്ദിര ഗാന്ധി മത്സരിച്ച് വിജയിച്ചത് ചിക് മഗലൂരുവില്‍ നിന്നാണെന്നും അന്ന് അത് കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമായിരുന്നെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. വീണ്ടും കോണ്‍ഗ്രസ് തിരമാല ആഞ്ഞടിക്കണം. പ്രിയങ്ക ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതില്‍ വളരെയേറെ സന്തോഷമുണ്ട്. ചിക് മഗലൂരില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങേയറ്റം സന്തോഷമുള്ളവരായിരിക്കും' ജില്ലയിലെ കോണ്‍ഗ്രസിന്റെ വക്താവ് റൂബെന്‍ മോസസ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിന് രംഗത്തിറക്കാന്‍ കേരളത്തിലെ കെപിസിസിയും ആലോചിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചു കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. വിദേശത്ത് നിന്ന് പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ഏതാനും സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനിറങ്ങിയാല്‍, സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമാകുമെന്നാണു വിലയിരുത്തല്‍. മലയാളികള്‍ക്കു പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കെപിസിസി നിലപാട്. 

പ്രിയങ്കയുടെ വരവിനൊപ്പം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മലബാര്‍, മധ്യ, തെക്കന്‍ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്ന് റോഡ് ഷോ നടത്താനാണ് പദ്ധതി. രാഹുലുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. 

യുപി കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന പ്രിയങ്കയുടെ സേവനം മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അവര്‍ എവിടെയൊക്കെ പോകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു നല്‍കാനാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

നെഹ്‌റു-ഗാന്ധി നേതൃത്വത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണു മലയാളികളെന്നും പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്കു കരുത്തേകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പ്രചാരണം സംബന്ധിച്ചു പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com