ദളിത് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമം; ബിഷപ്പിനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2019 12:08 AM |
Last Updated: 03rd February 2019 12:08 AM | A+A A- |
ബംഗളൂരു: ദളിത് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ഹാലുസൂറിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് (സിഎസ്‌ഐ) ബിഷപ്പ് പികെ സാമുവലിനെതിരേയാണ് പൊലീസ് കേസെടുത്തത്. ബിഷപ്പിന്റെ സഹായി വിനോദ് ദാസനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 2018 ഏപ്രിലിൽ സാമുവലിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ ബിഷപ്പിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. അതേസമയം കേസിൽ ഇതുവരെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ബിഷപ്പിന്റെ സഹായിക്കെതിരെ യുവതി ലൈംഗികാതിക്രമത്തിന് കേസ് നൽകിയിരുന്നു. ഈ കേസ് പിൻവലിക്കാൻ വിസമ്മതിച്ച യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.
അതേസമയം തനിക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ച് ബിഷപ്പ് രംഗത്തെത്തി. പരാതി നൽകിയ യുവതിയെ അറിയില്ലെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയും ഭർത്താവും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്ഐആറിൽ പറയുന്നതു പോലെ വിനോദ് പുരോഹിതനല്ല. പള്ളിയിൽ പുരോഹിതൻ ഉണ്ടെന്നും എന്നാൽ പേരിതല്ലെന്നും ബിഷപ്പ് പറഞ്ഞു.
ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
2013ൽ വിനോദിനെതിരെ യുവതി ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് വിനോദ് യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ജനുവരി 21ന് ട്രിനിറ്റി പള്ളിക്ക് സമീപത്തുള്ള വീട്ടിൽ ഭർത്താവുമായി എത്താൻ വിനോദ് യുവതിയോട് ആവശ്യപ്പെട്ടു. വിനോദ് ആവശ്യപ്പെട്ട പ്രകാരം യുവതി ഭർത്താവുമായി പള്ളിയിലേക്ക് പോയി. അവിടെവച്ച് കേസ് പിൻവലിക്കുന്നതിന് ഒരു കോടി രൂപയും ജോലിയും ബിഷപ്പ് യുവതിക്ക് വാഗ്ദാനം ചെയ്തു.
എന്നാൽ ഇത് വിസമ്മതിച്ച തന്നെ ബിഷപ്പ് കടന്നു പിടിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഈ സമയം ഭർത്താവ് വിനോദിനോട് സംസാരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞാൽ കൊല്ലുമെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിനു ശേഷം ജനുവരി 31നാണ് യുവതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ഉൽസൂർ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.