സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; പിന്തുണയുമായി ബിജെപി
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd February 2019 05:48 AM |
Last Updated: 03rd February 2019 05:48 AM | A+A A- |

ബംഗളൂരു: കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിയും കന്നഡ റിബല്‍ സ്റ്റാറുമായ പരേതനായ അംബരീഷിന്റെ ഭാര്യ നടി സുമലത മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത്. ഒടുവില്‍ സുമലത മൗനം വെടിഞ്ഞു. മത്സരിക്കുന്നെങ്കില്‍ മണ്ഡ്യയില്‍ തന്നെ. എന്നാല്‍ രാഷ്ട്രീയ പ്രവേശം ആലോചിച്ചിട്ടില്ല. അംബരീഷിന് മണ്ഡ്യവിട്ട് ഒരു രാഷ്ട്രീയ ലോകം ഇല്ലായിരുന്നു. എനിക്കും അങ്ങനെ തന്നെയെന്നായിരുന്നു സുമലതയുടെ പ്രതികരണം.
എന്നാല്‍ മണ്ഡ്യയില്‍ മത്സരിക്കുമെന്ന സുമലതയുടെ പ്രതികരണത്തിനെതിരെ ജനതാദള്‍ എസ് നേതാക്കള്‍ രംഗത്തെത്തി. സുമലതയ്ക്ക് ദളുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസിലെ കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
എസ്എം കൃഷ്ണയും അംബരീഷുമൊക്കെ മണ്ഡ്യയ്ക്ക് സമ്മാനിച്ച പ്രതാപകാലം ദിവ്യസ്പന്ദനയിലൂടെ കോണ്‍ഗ്രസ് വീണ്ടെടുത്തുവെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡലം ദള്‍ തിരിച്ചുപിടിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ ഗൗഡയ്ക്കായി ദള്‍ കണ്ടുവെച്ച മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ലഭിച്ച മണ്ഡ്യ, ഹാസന്‍ സീറ്റുകള്‍ വിട്ടൊരു കളിക്കും ദളിന് താത്പര്യമില്ല. അവസരം മുതലാക്കാനുറച്ച ബിജെപിയാകട്ടെ സുമലതയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിജെപി വ്യക്തമാക്കി.