എന്‍ജിനിയര്‍മാര്‍ മുതല്‍ മാനേജ്‌മെന്റ് ബിരുദധാരികള്‍ വരെ; പതിനായിരം പേര്‍ കുംഭമേളയില്‍ സന്യാസത്തിന് ഒരുങ്ങുന്നു, റിപ്പോര്‍ട്ട് 

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ മാനേജ്‌മെന്റ്, എന്‍ജിനിയറിങ് ബിരുദധാരികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 10,000 പേര്‍ നാഗ സന്യാസിമാരായി മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
എന്‍ജിനിയര്‍മാര്‍ മുതല്‍ മാനേജ്‌മെന്റ് ബിരുദധാരികള്‍ വരെ; പതിനായിരം പേര്‍ കുംഭമേളയില്‍ സന്യാസത്തിന് ഒരുങ്ങുന്നു, റിപ്പോര്‍ട്ട് 

ഹരിദ്വാര്‍: പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ മാനേജ്‌മെന്റ്, എന്‍ജിനിയറിങ് ബിരുദധാരികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 10,000 പേര്‍ നാഗ സന്യാസിമാരായി മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുംഭമേളയില്‍ വിവിധ അഖാഡകളില്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ച് ഇവര്‍ നാഗസന്യാസിമാരായി മാറുമെന്ന് അഖാഡകളുടെ ഉന്നതതല സമിതിയായ അഖില്‍ ഭാരതീയ അഖാഡ പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ന്യാസി സമൂഹത്തെയാണ് അഖാഡകള്‍ എന്ന് പറയുന്നത്.

രാജ്യത്ത് 13 അഖാഡകളാണുളളത്. കഴിഞ്ഞ ഞായറാഴ്ച 1100 പേരാണ് ജുനാ അഖാഡയില്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ചത്. ഏറ്റവും വലിയ അഖാഡയാണ് ജുനാ അഖാഡ. നിരഞ്ജിനി, മഹാനിര്‍വാണി എന്നിവയ്‌ക്കൊപ്പം ഈ മാസം വീണ്ടും ഇത്തരത്തിലുളള സന്യാസദീക്ഷ ചടങ്ങുകള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാനും ജുനാ അഖാഡയ്ക്ക് പരിപാടിയുണ്ട്. 

ചിത്രങ്ങള്‍: പിടിഐ

കുംഭമേളയുടെ ആകര്‍ഷണം തന്നെ നാഗ സന്യാസിമാരാണ്. അതികഠിനമായ തപശ്ചര്യകളാണ് ഇവര്‍ക്ക് വാര്‍ത്തകളില്‍ ഇടംനല്‍കുന്നത്. തപശ്ചര്യയുടെ ഭാഗമായി നഗ്നരായും ശരീരംമുഴുവന്‍ ചാരംപൂശിയും ഇവര്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങള്‍ വരെ ചിത്രീകരിച്ചിട്ടുണ്ട്. ആത്മീയമായ ഉന്നതി ലക്ഷ്യംവെച്ചാണ് ഈ ശരീരദണ്ഡനകള്‍ ഇവര്‍ നിര്‍വഹിച്ചുപോരുന്നത്.

ഗുജറാത്തിലെ കച്ചില്‍ നിന്നുളള മറൈന്‍ എന്‍ജിനീയറിംഗ് ഡിപ്ലോമക്കാരനായ രജത് കുമാര്‍ റായ്, ഉക്രൈനില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദം നേടിയ ശംഭു ഗിരി, ഗ്യാന്‍ശ്യാം ഗിരി എന്നിവര്‍ ഇത്തരത്തില്‍ ഉന്നതപഠനത്തിലുടെ ലഭിക്കാവുന്ന ആകര്‍ഷണീയമായ ജോലികള്‍ ഉപേക്ഷിച്ച് നാഗ സന്യാസിമാര്‍ ആകാന്‍ എത്തിയവരാണ്.  ഇവര്‍ക്കൊപ്പം ആയിരക്കണക്കിന് പേരാണ് കഴിഞ്ഞാഴ്ച സന്യാസദീക്ഷ സ്വീകരിച്ചത്. മുടി മുറിച്ചും മരണാന്തരചടങ്ങുകള്‍ നടത്തിയും ഒരു ദിവസം നീണ്ടുനില്‍ക്കുന്ന അഗ്നിശുദ്ധി ചടങ്ങുകളില്‍ സംബന്ധിച്ചുമാണ് നാഗസന്യാസിമാരാകുന്നതിനുളള പ്രയാണത്തിന് ഇവര്‍ തുടക്കംകുറിച്ചത്. 

കുംഭമേള സമയത്താണ് ഇത്തരത്തില്‍ സന്യാസദീക്ഷ സ്വീകരിക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്.ജാതിമതഭേദമെന്യേ എല്ലാം ത്യജിക്കാനുളള അതിയായ ആഗ്രഹമാണ് ഇതിന് ആവശ്യമെന്ന് ജുനാ അഖാരയുടെ മുഖ്യകണ്‍വീനറായ മഹന്ത് ഹരി ഗിരി പറയുന്നു. ഇതരമതവിഭാഗങ്ങളില്‍ നിന്നുളളവര്‍ വരെ ഇത്തരത്തില്‍ സന്യാസദീക്ഷ സ്വീകരിച്ചിട്ടുണ്ട്. 

അഖാരയുടെ ഭാഗമാകുന്നതോടെ ,നാഗസന്യാസിമാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്നിടുളള വര്‍ഷങ്ങള്‍ പരീക്ഷണകാലഘട്ടമാണ്. അതികഠിനമായ പരീക്ഷണങ്ങള്‍ക്ക് ഇവര്‍ വിധേയരാകേണ്ടി വരും. ഇതില്‍ വിജയിക്കുന്നതോടുകൂടി മാത്രമേ ഇവര്‍ നാഗസന്യാസിമാര്‍ എന്ന പദവിയിലേക്ക് ഉയരുകയുളളുവെന്ന് ഗിരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com