കളളപ്പണത്തിന്റെ കണക്ക് പുറത്തുവിടാനാവില്ല, കണക്ക് പാര്‍ലമെന്റിന് മുന്‍പിലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യക്കാരുടെ കൈവശമുളള കളളപ്പണത്തിന്റെ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ധനമന്ത്രാലയം തളളി
കളളപ്പണത്തിന്റെ കണക്ക് പുറത്തുവിടാനാവില്ല, കണക്ക് പാര്‍ലമെന്റിന് മുന്‍പിലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യക്കാരുടെ കൈവശമുളള കളളപ്പണത്തിന്റെ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ധനമന്ത്രാലയം തളളി. ഇതുമായി ബന്ധപ്പെട്ട മൂന്നു റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്ററി സമിതി പരിശോധിച്ചുവരികയാണെന്നും ഈ ഘട്ടത്തില്‍ ഇവ പുറത്തുവിട്ടാല്‍ സഭയുടെ അവകാശങ്ങളുടെ ലംഘനമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് വിവരാവകാശനിയമപ്രകാരമുളള അപേക്ഷ ധനമന്ത്രാലയം തളളിയത്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈയിഡ് ഇക്കണോമിക് റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നി ഉന്നതതല സ്ഥാപനങ്ങളാണ് കളളപ്പണത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. നാലുവര്‍ഷം മുന്‍പാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 2011ല്‍ യുപിഎ സര്‍ക്കാരാണ് രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യക്കാരുടെ കൈവശമുളള കളളപ്പണത്തെകുറിച്ച് പഠിക്കാന്‍ ഈ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയത്. 

ധനകാര്യ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ലോക്‌സഭ സെക്രട്ടറിയേറ്റിന് നല്‍കിയതായി വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയായി ധനമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ സമിതി ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് അറിയിച്ചതായി ധനമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. 2017ലാണ് പാര്‍ലമെന്ററി സമിതി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

2005-2014 കാലഘട്ടത്തില്‍ 77000 കോടി ഡോളറിന്റെ കളളപ്പണം ഇന്ത്യയില്‍ എത്തിയതായി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ  ഗ്ലോബല്‍ ഫിനാഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ 16500 കോടി ഡോളര്‍ പുറത്തേയ്ക്ക് ഒഴുകിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com