സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിന് എതിരായ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി; 21ന് പരിഗണിക്കും

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണക്കേസ് ഡല്‍ഹി സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിന് എതിരായ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി; 21ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണക്കേസ് ഡല്‍ഹി സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. അഡിഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് സെഷന്‍സ് കോടതിക്ക് കൈമാറിയത്. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി കോടതി തള്ളി.  സെഷന്‍സ് കോടതി ഈമാസം 21 കേസ് പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 306 വകുപ്പ് പ്രകാരമുള്ള കേസിലെ വിചാരണ സെഷന്‍സ് ജഡ്ജിക്ക് മുന്നിലാണ് നടക്കേണ്ടത് എന്നതിനാലാണ് അഡിഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റി ഉത്തരവിട്ടത്. ആത്മഹത്യ പ്രേരണയ്ക്ക് ചുമത്തുന്ന വകുപ്പാണ് 306. 

സുനന്ദയുടെ മരണം ആത്മഹത്യയാണെന്നും ഇതിന് പ്രേരിപ്പിച്ചത് തരൂര്‍ ആണെന്നുമാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റം എന്നീ കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിരുന്നു. 


കേസില്‍ ശശി തരൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നല്‍കിയതിനാലും തുടക്കം മുതല്‍ അന്വേഷണവുമായി സഹകരിച്ച തരൂര്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്നാണ് പൊലീസ് നിലപാട്. 

പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ എല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പൊലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17ന് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് സുനന്ദയുടെ മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com