ബംഗാള്‍ വിഷയം ഇന്നും സുപ്രീംകോടതിയില്‍, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐ

അടിയന്തരമായി രാജീവ് കുമാറിനെ അന്വേഷണ വിധേയമാക്കേണ്ടതുണ്ട് എന്നാണ് സിബിഐയുടെ വാദം
ബംഗാള്‍ വിഷയം ഇന്നും സുപ്രീംകോടതിയില്‍, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐ

ന്യുഡല്‍ഹി: ബംഗാളിലെ നാടകീയ സംഭവങ്ങള്‍ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരും. ബംഗാള്‍ സര്‍ക്കാരിനെതിരേയും, പൊലീസ് നടപടിക്കെതിരേയും സിബിഐ നല്‍കിയ ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക. 

ശാരദ ചിട്ടിതട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ നശിപ്പിക്കുന്നുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ സിബിഐ ആരോപിക്കുന്നത്. അതിനാല്‍ അടിയന്തരമായി രാജീവ് കുമാറിനെ  അന്വേഷണ വിധേയമാക്കേണ്ടതുണ്ട് എന്നാണ് സിബിഐയുടെ വാദം. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും, സഞ്ജീവ് ഖന്നയും അടങ്ങിയ ബെഞ്ചാണ് സിബിഐയുടെ ഹര്‍ജി പരിഗണിക്കുക. പൊലീസ് ഉള്‍പ്പെടെ ബംഗാളില്‍ ആരെങ്കിലും തെളിവ് നശിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ അതിന്റെ തെളിവ് ഹാജരാക്കാനായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സിബിഐയോട് നിര്‍ദേശിച്ചത്. 

ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ തെളിവ് നശിപ്പിക്കുന്നു എന്ന വാദം ശരിയാണെന്ന് തെളിയിക്കുവാനുള്ള ഒന്നും സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇല്ലെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ രാജീവ് കുമാറിനെതിരായ തെളിവുകള്‍ ഉള്‍പ്പെടുന്ന സത്യവാങ്മൂലം സിബിഐ തയ്യാറാക്കിയെന്നും, ഇത് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com