മമതയെ വെല്ലുവിളിച്ച് റോഡ് മാര്‍ഗം യോഗി ബംഗാളിലേക്ക്; റാലിക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍

ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി യോഗി ആദിത്യനാഥ് റോഡ് മാര്‍ഗം പുരുലിയയിലെ റാലിയില്‍ പങ്കെടുക്കുകയെന്ന് ബിജെപി നേതാക്കള്‍
മമതയെ വെല്ലുവിളിച്ച് റോഡ് മാര്‍ഗം യോഗി ബംഗാളിലേക്ക്; റാലിക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍

കൊല്‍ക്കത്ത:  മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗാളിലെത്തും. ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി റോഡ് മാര്‍ഗം പുരുലിയയിലെ റാലിയില്‍ പങ്കെടുക്കുകയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജാര്‍ഖണ്ഡ് വഴിയാകും മോദി ബംഗാളിലേക്ക് എത്തുക അതേസമയം പുരുലിയയിലെ റാലിക്ക് തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. 

അനുമതി നിഷേധിച്ചാലും ബംഗാളില്‍ എത്തുമെന്ന ഉറച്ച നിലപാടിലാണ് യോഗി. അവിടെയെത്തുകയെന്നത് എന്റെ അവകാശമാണ്. മമതയുടെ ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെ ശബ്ദിക്കുകയെന്നത് തന്റെ കടമയാണെന്നും യോഗി പറഞ്ഞു. 

മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ യുപിയില്‍ ഒരു തരത്തിലുള്ള കലാപമോ, ആള്‍ക്കൂട്ട ആക്രമണങ്ങളോ, രാഷ്ട്രീയ സംഘര്‍ഷങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പശ്ചിമബംഗാളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. തീര്‍ത്തും വേദനാജനകമാണ് അവിടുത്തെ കാര്യങ്ങള്‍. സര്‍ക്കാരിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കുകയാണെന്നും യോഗി പറഞ്ഞു. എന്നാല്‍ യോഗി ആദിത്യനാഥ് ആദ്യം യുപിയിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് വേണ്ടതെന്ന് മമത പറഞ്ഞു. നിരവധി പേരാണ് അവിടെ കൊല ചെയ്യപ്പെടുന്നത്. യോഗി ആദിത്യനാഥ് യുപിയില്‍ നിന്ന് മത്സരിച്ചാല്‍ പോലും വിജയിക്കില്ല. അവിടെ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യോഗി റോന്തു ചുറ്റുന്നതെന്നും മമത പറഞ്ഞു.

പുരലിയയിലെ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് എസ്പി അകാശ് മഗാരിയ പറഞ്ഞു. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിനും മമത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മമതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി 42 റാലികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com