ബംഗാളില്‍ സിപിഎം ഒറ്റപ്പെട്ടിട്ടില്ല ; സുപ്രിംകോടതി വിധി മമതയ്ക്കും ബിജെപിക്കും തിരിച്ചടിയെന്ന് യെച്ചൂരി

ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട വിഷയമല്ല. ബംഗാള്‍ വിഷയത്തില്‍ സിപിഎം ഒറ്റപ്പെട്ടു എന്ന് പറയുന്നത് ശരിയല്ലെന്നും യെച്ചൂരി
ബംഗാളില്‍ സിപിഎം ഒറ്റപ്പെട്ടിട്ടില്ല ; സുപ്രിംകോടതി വിധി മമതയ്ക്കും ബിജെപിക്കും തിരിച്ചടിയെന്ന് യെച്ചൂരി


ന്യൂഡല്‍ഹി : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സിപിഎം. സുപ്രിംകോടതി വിധി മമത ബാനര്‍ജിക്കും ബിജെപിക്കും തിരിച്ചടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  സുപ്രിംകോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ നടപ്പാക്കാനുള്ള ബാധ്യത ബംഗാള്‍ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിട്ടി തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനും, ഇപ്പോള്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുമായ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. 

റഫാല്‍ ഇടപാടില്‍ എന്തുകൊണ്ട് മമത ബാനര്‍ജി സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തെ പിന്തുണയ്ക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടണം. കോടതി മേല്‍നോട്ടത്തില്‍ ചിട്ടി തട്ടിപ്പ് അന്വേഷിക്കണം. ഇത് ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട വിഷയമല്ല. ബംഗാള്‍ വിഷയത്തില്‍ സിപിഎം ഒറ്റപ്പെട്ടു എന്ന് പറയുന്നത് ശരിയല്ല. ഇടതുസര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാവാണ് മമതയെന്നും യെച്ചൂരി പറഞ്ഞു.

ചിട്ടി തട്ടിപ്പ് കുംഭകോണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളുടെ പങ്കും അന്വേഷിക്കണം. കേസുമായി ബന്ധച്ചെട്ട് ചില ടിഎംസി എംപിമാര്‍ അറസ്റ്റും കുറ്റപത്രവും അഭിമുഖീകരിക്കുകയാണ്. അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപി എന്തിനാണ് അഞ്ചുവര്‍ഷം കാത്തിരുന്നത്. ആരോപണ വിധേയരെ ബിജെപി ക്യാപില്‍ എത്തിക്കാനാണോ കാത്തിരുന്നതെന്നും യെച്ചൂരി ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com