15 ലക്ഷമൊന്നും തരില്ല, മിനിമം വേതനം ഉറപ്പ്, ഭരണം കിട്ടിയാല്‍ രണ്ടുമണിക്കൂറിനുളളില്‍ കര്‍ഷകര്‍ക്ക് 2600 രൂപ വീതമെന്ന് രാഹുല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 06th February 2019 03:05 PM |
Last Updated: 06th February 2019 03:10 PM | A+A A- |
ഭുവനേശ്വര്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 15 ലക്ഷം രൂപ നല്‍കുമെന്ന് തനിക്ക് വാഗ്ദാനം നല്‍കാന്‍ കഴിയുകയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പകരം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞവരുമാനം നല്‍കുമെന്ന തന്റെ വാഗ്ദാനം ഉറപ്പായി പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒഡീഷയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ 3.5 രൂപ വീതമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. അതേസമയം അദ്ദേഹത്തിന്റെ സമ്പന്നരായ അനുയായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ മോദി എഴുതിത്തളളിയതായും രാഹുല്‍ ആരോപിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 10 പേര്‍ക്ക് നല്‍കേണ്ട വേതനമാണ് മോദി സര്‍ക്കാര്‍ 15 പേര്‍ക്കായി വീതിച്ചുനല്‍കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഒഡീഷയില്‍ അധികാരത്തില്‍ വന്നാല്‍ രണ്ടുമണിക്കൂറിനുളളില്‍ കര്‍ഷകര്‍ക്ക് 2600 രൂപ നല്‍കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഛത്തീസ്ഗഡില്‍ വന്ന മാറ്റം കര്‍ഷകരോട് നേരിട്ട് ചോദിക്കാവുന്നതാണ്. അവര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് വില്‍ക്കുന്ന മുറയ്ക്ക്് തന്നെ 2500 രൂപ നല്‍കുകയാണ്. നവീന്‍ പട്‌നായിക്ക് എത്രയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും രാഹുല്‍ ചോദിച്ചു.