എല്ലാ സീറ്റുകളിലും മത്സരിക്കും; സ്ഥാനാര്‍ത്ഥികളായി യുവാക്കള്‍ മാത്രം: കമല്‍ഹാസന്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍
എല്ലാ സീറ്റുകളിലും മത്സരിക്കും; സ്ഥാനാര്‍ത്ഥികളായി യുവാക്കള്‍ മാത്രം: കമല്‍ഹാസന്‍ 

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ഡിഎംകെ ഉള്‍പ്പെടെയുളള പാര്‍ട്ടികളുമായുളള സഖ്യസാധ്യതകള്‍ തളളിയ കമല്‍ഹാസന്‍ സംസ്ഥാനത്തിന്റെ മാറ്റത്തിനായി ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചന നല്‍കി.

തമിഴ്‌നാടിന്റെ മാറ്റത്തിനായുളള ഒരു അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇതില്‍ വെളളം ചേര്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. സീറ്റുവിഭജനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറായി ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഡിഎംകെ സഖ്യത്തില്‍ ചേരണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് മക്കള്‍ നീക്കി മയ്യത്തെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിലെ സാഹചര്യത്തില്‍ ഒരു സഖ്യത്തിനും തങ്ങള്‍ ഇല്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ മത്സരിക്കുക എന്നത് ഒരു സാധ്യതയാണ്. എന്തുകൊണ്ട് ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് വര്‍ധിപ്പിച്ചുകൂടാ എന്ന ചിന്തയാണ് ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു. വിജയം നേടുമെന്ന് ഉറച്ചവിശ്വാസത്തിലാണ് തങ്ങള്‍. അങ്ങനെയിരിക്കേ മറ്റുളളവരുടെ ഭാരം ചുമക്കേണ്ടതുണ്ടോ എന്നും കമല്‍ഹാസന്‍ ചോദിച്ചു.

വിദ്യാഭ്യാസമുളളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് ലക്ഷ്യമിടുന്നത്. 25-40 പ്രായപരിധിയിലുളളവരെ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കുകയുളളുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com