ശാരദ ചിട്ടിതട്ടിപ്പ് കേസ്: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ ചോദ്യം ചെയ്യാന്‍ സിബിഐ
By സമകാലികമലയാളം ഡെസ്‌ക് | Published: 07th February 2019 08:47 PM |
Last Updated: 07th February 2019 08:47 PM | A+A A- |

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിനെ സിബിഐ ചോദ്യം ചെയ്യും. ഇതുകാണിച്ച് കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ് നല്‍കി. ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചാകും.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് തടഞ്ഞത് വന്‍ വിവാദങ്ങള്‍ക്കും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റുമുട്ടലിലേക്കും വഴിവച്ചിരുന്നു. മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കുകയും ധര്‍ണയിരിക്കുകയും ചെയ്തു.
രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുത് എന്ന് സുപ്രിം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മമത സമരം അവസാനിപ്പിച്ചത്. രാജീവ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് തൃമണമുല്‍ എംപിയെ തന്നെ ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറെടുക്കുന്നത്. നേരത്തെ, ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ ബിജെപി അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് പങ്കുണ്ടെന്നും മൂന്നുകോടി രൂപ തട്ടിയെടുത്തെന്നും മമത ആരോപിച്ചിരുന്നു. ഇത് വെളിപ്പെടുത്തി ശാരദ ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്‍ സിബിഐയ്ക്ക് നല്‍കിയ കത്ത് പുറത്തുവിട്ടുകൊണ്ടായിരുന്നു മമതയുടെ ആരോപണം.