ലോറി വഴി തെറ്റി ഓടിയത് ഏഴ് കിലോമീറ്റര്‍; 19 ലക്ഷം പിഴയിട്ട് ജിഎസ്ടി വകുപ്പ്‌

പുനെയില്‍ നിന്നും 40 ഇരുചക്രവാഹനങ്ങളുമായിട്ടാണ് ലോറി എത്തിയത്. വിരുതുനഗറിലേക്ക് ലക്ഷ്യം വെച്ച വാഹനം വഴി തെറ്റി ശിവകാശിയിലെത്തി
ലോറി വഴി തെറ്റി ഓടിയത് ഏഴ് കിലോമീറ്റര്‍; 19 ലക്ഷം പിഴയിട്ട് ജിഎസ്ടി വകുപ്പ്‌

ഏഴ് കിലോമീറ്ററാണ് ചരക്കുമായി എത്തിയ ലോറി വഴിമാറി ഓടിയത്. ഇതിന് ചരക്ക് സേവന നികുതി വകുപ്പ് ചുമത്തിയ പിഴ 18,96,000 രൂപ. പുനെയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ചരക്കുമായി എത്തിയ ലോറിക്കാണ് വന്‍ തുക പിഴയിട്ടത്. എന്നാല്‍ തമിഴ്‌നാട് ജിഎസ്ടി വകുപ്പിന്റെ നടപടി മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ പിഴ 5000 രൂപയായി. 

പുനെയില്‍ നിന്നും 40 ഇരുചക്രവാഹനങ്ങളുമായിട്ടാണ് ലോറി എത്തിയത്. വിരുതുനഗറിലേക്ക് ലക്ഷ്യം വെച്ച വാഹനം വഴി തെറ്റി ശിവകാശിയിലെത്തി. ശിവകാശിയില്‍ ലോറി പരിശോധിച്ച ഉദ്യോഗസ്ഥരാണ് വന്‍ തുക പിഴയിട്ടത്. ലോറി ഡ്രൈവര്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. അതിനാലാണ് ഇത്രയും തുക പിഴയിട്ടത് എന്നാണ് കോടതിയില്‍ ഉദ്യോഗസ്ഥര്‍ വാദിച്ചത്. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലീഷും തമിഴും മാത്രമാണ് അറിയാമായിരുന്നത്. ലോറി ഡ്രൈവര്‍ക്ക് അറിയുന്നത് മറാഠിയും ഹിന്ദിയും മാത്രം. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതിരുന്നത് ഇതിനാലാണെന്ന് കോടതി കണ്ടെത്തി. വഴി തെറ്റി പോയതാണെന്നും, നികുതി വെട്ടിപ്പിനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയ കോടതി 5000 രൂപ പിഴയടച്ച് ലോറി വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com