മറുപടി വൈകി; 2ജി കേസിലെ 'പ്രതികള്‍'  15,000 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് ഹൈക്കോടതി

2ജി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കോടതി നടപടികളോട് കൃത്യസമയത്ത് പ്രതികരിക്കാതിരുന്ന രണ്ടു പേരും മൂന്നു കമ്പനികളും 3,000 മരത്തൈകള്‍ വീതം നട്ടുപിടിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
മറുപടി വൈകി; 2ജി കേസിലെ 'പ്രതികള്‍'  15,000 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ കോടതി വിട്ടയച്ച പ്രതികള്‍ 3000വീതം മരത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇവരെ വിട്ടയച്ച കീഴ്‌ക്കോടി നടപടിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപ്പീലില്‍ മറുപടി നല്‍കാതിരുന്നതിനാലാണ് കോടതി ശിക്ഷ വിധിച്ചത്. 

ഇവരെ വിട്ടയച്ചുകൊണ്ടുള്ള കീഴ് കോടതി നടപടിയെ ചോദ്യം ചെയ്ത് ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം നീട്ടിചോദിച്ചതിന് പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി നടപടി. ജസ്റ്റിസ് നജിമി വസീരിയാണ് ഓരോരുത്തരും 3000 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചത്. 

ഇവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കോടതി ഒരു അവസരം കൂടി നല്‍കി. സ്വാന്‍ ടെലകോം ലിമിറ്റഡിന്റെ പ്രൊമോട്ടര്‍ ഷാഹിദ് ബാല്‍വ, കുസേഗന്‍ ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയക്ടര്‍ രാജീവ് അഗര്‍വാള്‍ എന്നിവര്‍ക്കും കമ്പനികളായ ഡൈനാമിക് റിയാലിറ്റി, ഡിബി റിയാലിറ്റി ലിമിറ്റഡ്, നിഹാര്‍ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റഡ് ലിമിറ്റഡ് എന്നിവയോടുമാണ് കോടതി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചത്. 

2ജി പണതട്ടിപ്പ് കേസില്‍ ഡിഎംകെ നേതാവ് കനിമൊഴിക്കും മുന്‍ ടെലകോം മന്ത്രി എ രാജയ്ക്കും ഒപ്പം ഈ കമ്പനികളെയും വ്യക്തികളെയും കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com