'കള്ളന്‍ കാവല്‍ക്കാരന്‍ തന്നെ' ; പ്രധാനമന്ത്രി 30,000 കോടി കൊള്ളയടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ഗാന്ധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2019 11:10 AM |
Last Updated: 08th February 2019 11:16 AM | A+A A- |

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൊള്ള തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി 30,000 കോടി കൊള്ളയടിച്ച് അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നു. ഇടപാടില്‍ മോദി ഇടപെട്ടിരുന്നു എന്ന ആരോപണം തെളിഞ്ഞിരിക്കുകയാണ്. ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയിലും കള്ളം പറഞ്ഞതായും രാഹുല്‍ഗാന്ധി ആരോപിച്ചു.
മോദി കാവല്‍ക്കാരനും കള്ളനുമാണ്. മോദിയുടെ ദ്വന്ദമുഖമാണ് വെളിപ്പെട്ടത്. കാവല്‍ക്കാരന്‍ തന്നെയാണ് കള്ളനെന്ന് തെളിഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയും നിര്‍മ്മല സീതാരാമനും കള്ളമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കരാര്‍ ദുര്‍ബലമായി. അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയതെന്നും രാഹുല്‍ ആരോപിച്ചു.
താന്‍ ഒരു വര്‍ഷമായി ആരോപിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രതിരോധമന്ത്രാലയം എതിര്‍ത്തിരുന്നുവെന്ന വസ്തുതയാണ് ഇപ്പോള്‍ വെളിപ്പെട്ടത്. രാജ്യത്തെ യുവാക്കളും സൈനികരും ഇക്കാര്യം ശ്രദ്ധിക്കണം. അനില്‍ അംബാനിയെ നിയമിക്കുന്നത് പ്രധാനമന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മുന്‍പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ താന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ റഫാല്‍ ഇടപാട് ചര്‍ച്ചയായില്ല. പരീക്കര്‍ പോലും അറിയാതെയാകാം പ്രധാനമന്ത്രി കരാറില്‍ ഇടപെട്ടതെന്നും രാഹുല്‍ പറഞ്ഞു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയം നിയോഗിച്ച സംഘം ചര്‍ച്ചകള്‍ നടത്തുന്നതിനിടെ, പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രതിരോധമന്ത്രാലയം സെക്രട്ടറി മോഹന്‍കുമാര്‍ ഇതിനെ എതിര്‍ത്ത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. മോഹന്‍കുമാര്‍ ഫയലില്‍ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് സഹിതം ദ ഹിന്ദു ദിനപ്പത്രമാണ്, കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
2015 ഒക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്.
ജനറല്‍ റബ്ബിന്റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ സംഘത്തിന്റെ വിലപേശല്‍ ശേഷിയെയും ചര്‍ച്ചകളെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും, ഇത് ഒഴിവാക്കണമെന്നും പ്രതിരോധമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.