ഉരുക്ക് മനുഷ്യന്‍!; മോദിയുടെ ഭരണകാലത്ത് പാര്‍ലമെന്റില്‍ അദ്വാനി മിണ്ടിയത് 365 വാക്കുകള്‍ മാത്രം

പാര്‍ലമെന്റില്‍ മൗനം തുടരുന്നതിന് കാരണം ആരോഗ്യപരമായ അവശതകളല്ലെന്ന് അദ്ദേഹത്തിന്റെ ഹാജര്‍ വ്യക്തമാക്കുന്നു.  ആകെ 321 ദിവസം സഭ പ്രവര്‍ത്തിച്ചപ്പോള്‍ 296 ദിവസവും അദ്വാനി പങ്കെടുത്തു
ഉരുക്ക് മനുഷ്യന്‍!; മോദിയുടെ ഭരണകാലത്ത് പാര്‍ലമെന്റില്‍ അദ്വാനി മിണ്ടിയത് 365 വാക്കുകള്‍ മാത്രം

ന്യൂഡല്‍ഹി: ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ഉരുക്ക് മനുഷ്യന്‍ എന്നാണ് വിശേഷിപ്പിക്കാറ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ബിജെപിയുടെ നാവായിരുന്നു അദ്വാനി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ അദ്വാനി ലോക്‌സഭയില്‍ പറഞ്ഞത് 365 വാക്കുകള്‍ മാത്രം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തേ കണക്കുകളോട് താരതമ്യം ചെയ്യുമ്പോള്‍ 99 ശതമാനം ഇടിവാണ് അദ്വാനിയുടെ പ്രകടനത്തില്‍ ഉണ്ടായിരിക്കുന്നത്. 2009-2014 കാലത്ത് 42 ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്വാനി 35926 വാക്കുകള്‍ സഭയില്‍ പറഞ്ഞിരുന്നെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു

ഈ സര്‍ക്കാരിന്റെ കാലത്ത് അദ്വാനി പറഞ്ഞ 365 വാക്കുകളും 2014ലാണെന്നാണ് മറ്റൊരു വസ്തുത. 2014 ഡിസംബര്‍ 19ന് ശേഷം ഒരു വാക്ക് പോലും അദ്വാനി ലോക്‌സഭയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ഹാജറുള്ള സാമാജികരിലൊരാളാണ് അദ്വാനി. 92 ശതമാനമാണ് ഹാജര്‍ നിരക്ക്. അതായത് കൃത്യമായി ലോക്‌സഭയില്‍ എത്തി മൗനിയായി ഇരിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിലേറെ പേജുള്ള ആത്മകഥ എഴുതിയ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും ഉജ്വല പ്രാസംഗികരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്വാനി.

11 തവണ പാര്‍ലമെന്റ് അംഗമായ ബി.ജെ.പിയുടെ സ്ഥാപകരിലൊരാളും ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവുമായ അദ്വാനി കേവലം അഞ്ച് ചര്‍ച്ചകളില്‍ മാത്രമാണ് പങ്കെടുത്തത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമായിരുന്നു ഒന്ന്. ഞാന്‍ പിന്തുണയ്ക്കുന്നു എന്ന് മാത്രമായിരുന്നു അദ്വാനിയുടെ വാക്കുകള്‍. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായി മീരാകുമാറിനെ തിരഞ്ഞെടുത്തപ്പോള്‍ അഭിനന്ദിച്ച് സംസാരിച്ചപ്പോള്‍ അദ്വാനി പറഞ്ഞത് 440 വാക്കുകളാണ്. അതായത് ഈ അഞ്ച് വര്‍ഷക്കാലം ആകെ സംസാരിച്ചതിനെക്കാള്‍ 75 വാക്കുകള്‍ അധികം ആ ഒരു പ്രസംഗത്തില്‍ മാത്രം അദ്വാനി പറഞ്ഞു. 

പാര്‍ലമെന്റില്‍ മൗനം തുടരുന്നതിന് കാരണം ആരോഗ്യപരമായ അവശതകളല്ലെന്ന് അദ്ദേഹത്തിന്റെ ഹാജര്‍ വ്യക്തമാക്കുന്നു.  ആകെ 321 ദിവസം സഭ പ്രവര്‍ത്തിച്ചപ്പോള്‍ 296 ദിവസവും അദ്വാനി പങ്കെടുത്തു. മന്ത്രിമാരെക്കാളും പ്രതിപക്ഷ നേതാക്കന്മാരെക്കാളും ഹാജറുള്ളത് അദ്വാനിക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com