കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; സഭയില്‍നിന്നു നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുങ്ങി, അയോഗ്യരാക്കാന്‍ നടപടി

വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തിന് എത്താതിരുന്ന നാലുപേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്‍കുമെന്ന് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ
കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; സഭയില്‍നിന്നു നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുങ്ങി, അയോഗ്യരാക്കാന്‍ നടപടി

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനു നീക്കം നടക്കുന്നതായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെ നാല് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി. വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തിന് എത്താതിരുന്ന നാലുപേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്‍കുമെന്ന് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.

ബജറ്റ് സമ്മേളനത്തിലും പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തിലും എത്താതിരുന്ന രമേശ് ജര്‍കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമാത്തലി, ബി നാഗേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ പറഞ്ഞു. 

ഇവര്‍ നാലു പേരും ജെഎന്‍ ഗണേഷും ഒഴിയുള്ള എല്ലാവരും യോഗത്തില്‍ പങ്കെടുത്തതായി സിദ്ധരാമയ്യ പറഞ്ഞു. റോഷന്‍ ബെയ്ഗ്, ബിസി പാട്ടീല്‍ എന്നിവര്‍ പങ്കെടുക്കാതിരിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 

ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പായി വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഉമേഷ് യാദവിനെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി.

224 അംഗ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യസര്‍ക്കാരിന് 117 പേരുടെ പിന്തുണയാണുള്ളത്. നാലു കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കുന്നതോടെ ഇത് 113 ആയി മാറും. ജെഡിഎസിന് 37ഉം കോണ്‍ഗ്രസിന് 80ഉം അംഗങ്ങളാണ് സഭയിലുള്ളത്.

അതേസമയം ബജറ്റ് സമ്മേളനത്തില്‍നിന്നു നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടാതെ ബിജെപി പക്ഷത്തുനിന്നു മൂന്നു പേര്‍ കൂടി വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരസ്പരം എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ വശത്താക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ഇരുപക്ഷവും രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com