കൂള്‍ ദീദി!; രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ബാവുല്‍ സംഘത്തിനൊപ്പം ഏക്താരയുമായി മതിമറന്നു പാടി മമത (വീഡിയോ)

എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും താന്‍ കുലുങ്ങില്ലെന്ന് മട്ടിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി
കൂള്‍ ദീദി!; രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ബാവുല്‍ സംഘത്തിനൊപ്പം ഏക്താരയുമായി മതിമറന്നു പാടി മമത (വീഡിയോ)

കൊല്‍ക്കത്ത: ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമാണ് പശ്ചിമ ബംഗാള്‍ ഇപ്പോള്‍. സിബിഐയും സംസ്ഥാന സര്‍ക്കാരും നേര്‍ക്ക് നേര്‍ നില്‍ക്കുന്നു, കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളുമായി സ്ഥിരം വാക്‌പോര്. എന്തൊക്കെ എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും താന്‍ കുലുങ്ങില്ലെന്ന് മട്ടിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. സിബിഐയ്ക്ക് എതിരെ സമരമിരുന്ന അതേ മമത ബാനര്‍ജി,  ബാവുല്‍ ഗായകരുമൊത്ത് മതിമറന്നു പാട്ടുപാടുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 

വ്യാഴാഴ്ച നടന്ന ബംഗാള്‍ ആഗോള വ്യാപാര ഉച്ചകോടിയിലാണ് സംഘഗാനത്തില്‍ മമതയും രപങ്കുചേര്‍ന്നത്. മുകേഷ് അംബാനി, സജ്ജന്‍ ജിന്‍ഡാല്‍ തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കലാപരിപാടികളില്‍ ബാവുല്‍ഗാനവും ഉണ്ടായിരുന്നു. കുങ്കുമവര്‍ണത്തിലുള്ള വസ്ത്രം ധരിച്ച് ഏക്താരയുമായി വേദിയിലെത്തിയ ഗായകസംഘത്തിനൊപ്പം വെള്ള കോട്ടണ്‍ സാരിയുടുത്ത് കൈയില്‍ ഏക് താരയുമായി മമതതയും മതിമറന്നു പാടുന്നത് വീഡിയോയില്‍ കാണാം. 

പ്രശസ്ത ബംഗാളി കവി ദ്വിജേന്ദ്രലാല്‍ റായിയുടെ 'ധോനോ ധാന്നേ പുഷ്‌പേ ഭോരാ' എന്നു തുടങ്ങുന്ന ദേശഭക്തി ഗാനമാണ് സംഘത്തിനൊപ്പം മമത ആലപിച്ചത്. കവിതയെഴുത്തും  ചിത്രമെഴുത്തുമായി നേരത്തെ കലാരംഗത്തെ തന്റെ പ്രതിഭ തെളിയിച്ച മമത ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയും നേരത്തെ വൈറല്‍ ആയിരുന്നു. 

2019 ഓടെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മമത പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പുതിയ വ്യാപാരനയം പ്രഖ്യാപിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അടുത്തു തന്നെ പുതിയ കേന്ദ്രമന്ത്രിസഭ നിലവില്‍ വരുമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്നും മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com