സാമ്പത്തിക സംവരണം : സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

പൊതുവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
സാമ്പത്തിക സംവരണം : സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി


ന്യൂഡല്‍ഹി : പൊതുവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ തെഹ്‌സീന്‍ പൂനെവാലെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് നിരാകരിക്കുകയായിരുന്നു. 

ഇത് രണ്ടാം തവണയാണ് സംവരണ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിക്കുന്നത്. സംവരണ തോത് 50 ശതമാനം കടക്കരുതെന്ന സുപ്രിംകോടതി വിധിയുടെ ലംഘനമാണ്, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാകുന്നതോടെ സംഭവിക്കുന്നതെന്ന് പൂനെവാലെക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ ബോധിപ്പിച്ചു. 

എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി, ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും കേസ് വേഗം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പൊതു വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 

ഇതിന് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിയും ബില്ലിന് അംഗീകാരം നല്‍കി. ഇതിനിടെ ബില്ലിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി അന്നും സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com