ആന്റണിയും പുത്രവാത്സല്യത്താല്‍ അന്ധനായി; ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്‍മാര്‍; വിമര്‍ശനവുമായി കെ എസ് യു
By സമകാലികമലയാളം ഡെസ്‌ക് | Published: 09th February 2019 02:47 PM |
Last Updated: 09th February 2019 02:47 PM | A+A A- |

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ വിമര്‍ശിച്ച് കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ആന്റണിയും പുത്രവാല്‍സല്യത്താല്‍ അന്ധനായെന്നാണ് മകന്‍ അനില്‍ ആന്റണിയുടെ പുതിയ നിയമനത്തെ പ്രതിപാദിച്ച് വിമര്‍ശനം. 'അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ' എന്ന ഭഗവദ്ഗീതയിലെ ചോദ്യം കേരളത്തിലെ ഉന്നത നേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെ.എസ്.യു പ്രവര്‍ത്തകനും തയാറാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ചില കാരണവന്‍മാര്‍ മണ്ഡലങ്ങള്‍ പാരമ്പര്യസ്വത്തായി കൈവശം വയ്ക്കുന്നു. പരമ്പര്യ സ്വത്തു പോലെയാണ് കോണ്‍ഗ്രസിലെ ചില കാരണവന്മാര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുന്നത്. 65 വയസുള്ള ആര്‍ ശങ്കറിനെ 'കടല്‍ക്കിഴവന്‍' എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവ കേസരികളുടെ ആര്‍ജവം ഉള്‍ക്കൊണ്ട് തലമുറമാറ്റമെന്നത് പ്രസംഗത്തില്‍ ഒതുക്കാതെ പ്രവൃത്തിയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടു പോലും കാല്‍ മുറിയാത്ത ചില അഭിനവ 'പാല്‍വാല്‍ ദേവന്‍'മാരുടെ പട്ടാഭിഷേകത്തിന് ശംഖൊലി മുഴങ്ങുകയാണ്. യഥാര്‍ഥ പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവര്‍ക്കൊക്കെ ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്മാരെന്നും പ്രമേയത്തില്‍ പറയുന്നു.
പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി തോമസാണ് ശരിയെന്നു മനസിലാക്കാന്‍ മഹാപ്രളയം വേണ്ടി വന്നു. അന്ന് തള്ളിപ്പറഞ്ഞവരും ശവമഞ്ചഘോഷയാത്ര നടത്തിയവരും അദ്ദേഹത്തോട് മനനസുകൊണ്ടെങ്കിലും മാപ്പ് പറയണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.