തിരിച്ചടിച്ച് തൃണമൂല്‍; എംഎല്‍എയുടെ കൊലപാതകത്തില്‍ ബിജെപി നേതാവ് പ്രതി; മുകുള്‍ റോയിക്കെതിരെ കേസെടുത്തു

തൃണമൂല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിയെ പ്രതിയാക്കി കേസെടുത്തു
MUKUL_ROY
MUKUL_ROY


കൊല്‍ക്കത്ത: തൃണമൂല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിയെ പ്രതിയാക്കി കേസെടുത്തു. കൊലപാതകത്തിന്റെ സൂത്രധാരന്‍ മുകുള്‍ റോയി ആണെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ നേതാവായ മുകുള്‍ റോയ് മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റയില്‍വെ മന്ത്രിയായിരുന്നു.  കഴിഞ്ഞ വര്‍ഷം അവസാനമാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കാണെന്നാണ് ബിജെപിയുടെ ആരോപണം.

അതേസമയം സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആവര്‍ത്തിച്ച് സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി രംഗത്തെത്തി. സംസ്ഥാനത്ത് ആക്രമം അഴിച്ച് വിട്ട് കലാപമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഇത് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. എങ്ങനെയെങ്കിലും വിജയം നേടാനായി അവര്‍ ജനങ്ങളെ പ്രകോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നുവെന്നും എസ്.പി രൂപേഷ് കുമാര്‍ പറഞ്ഞു. 

ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്‌ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പമുണ്ടായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും ബിജെപിയാണ് പിന്നിലെന്നും ഗൗരി ശങ്കര്‍ ദത്ത ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍  നിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കേസ് സിബിഐ അന്വേഷിക്കണമെന്നും ബംഗാള്‍ പോലീസില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കി.  

അക്രമകാരിയെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ബിജെപി  ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ നിരന്തരം അക്രമം അരങ്ങേറുന്ന സ്ഥലത്താണ്  കൊലപാതകം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com