മറുകണ്ടം ചാടുന്നതില്‍ തന്നെക്കാള്‍ സീനിയര്‍; ആന്ധ്രയിലെ ജനങ്ങളുടെ പണം എടുത്ത് ഫോട്ടോയെടുക്കാന്‍ നായിഡു ഡല്‍ഹിക്ക് വരുന്നു; പരിഹസിച്ച് മോദി

എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച തെലുങ്കുദേശം പാര്‍ട്ടിയുടെ നാട്ടില്‍ ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മറുകണ്ടം ചാടുന്നതില്‍ തന്നെക്കാള്‍ സീനിയര്‍; ആന്ധ്രയിലെ ജനങ്ങളുടെ പണം എടുത്ത് ഫോട്ടോയെടുക്കാന്‍ നായിഡു ഡല്‍ഹിക്ക് വരുന്നു; പരിഹസിച്ച് മോദി

ഹൈദരാബാദ്: എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച തെലുങ്കുദേശം പാര്‍ട്ടിയുടെ നാട്ടില്‍ ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനും ആന്ധ്രാ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പിതാവുമായ എന്‍ ടി രാമറാവുവിനെ പിറകില്‍ നിന്ന് കുത്തി ചതിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡുവെന്ന് മോദി വിമര്‍ശിച്ചു. തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച ശേഷമുളള ആദ്യ ആന്ധ്രാപ്രദേശ് സന്ദര്‍ശനവേളയിലാണ് മോദി ചന്ദ്രബാബു നായിഡുവിന് എതിരെ ആഞ്ഞടിച്ചത്.

തന്നെക്കാള്‍ സീനിയറാണ് എന്നാണ് ചന്ദ്രബാബു നായിഡു ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ പക്ഷം മാറുന്നതില്‍ അദ്ദേഹം തന്നെക്കാള്‍ സീനിയര്‍ ആണെന്ന് മോദി പരിഹസിച്ചു. പുതിയ മുന്നണികള്‍ രൂപീകരിക്കാന്‍ ടിഡിപി നടത്തുന്ന ശ്രമങ്ങളില്‍ എന്‍ ടി രാമറാവു ദുഃഖിക്കുന്നുണ്ടാകും. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് എന്‍ ടി രാമറാവു സ്വപ്‌നം കണ്ടിരുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡു നടത്താന്‍ പോകുന്ന ഉപവാസത്തെയും മോദി പരിഹസിച്ചു. ആന്ധ്രയിലെ ജനങ്ങളുടെ പണം എടുത്ത് ഫോട്ടോ എടുക്കാന്‍ നായിഡു ഡല്‍ഹിയിലേക്ക് വരുന്നതായി മോദി പരിഹസിച്ചു.

ആന്ധ്രാപ്രദേശിന്റെ പുതിയ ഉദയമാണ് ചന്ദ്രബാബു നായിഡുവിന്റെ വാഗ്ദാനം. എന്നാല്‍ മകന്‍ എന്‍ ലോകേഷിന്റെ ഉദയമാണ് യഥാര്‍ത്ഥത്തില്‍ ചന്ദ്രബാബു നായിഡു ആഗ്രഹിക്കുന്നതെന്നും മോദി പരിഹസിച്ചു. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നായിരുന്നു നായിഡുവിന്റെ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രം പ്രഖ്യാപിച്ച വികസനപദ്ധതികളുടെ തനിപ്പകര്‍പ്പാണ് സംസ്ഥാനത്ത് തുടരുന്നതെന്ന് മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com