'മോദിയെ മടുത്തു'; ബിജെപി എംപി കോണ്‍ഗ്രസിലേക്ക് 

ബിജെപിയുടെ ബീഹാര്‍ എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്
'മോദിയെ മടുത്തു'; ബിജെപി എംപി കോണ്‍ഗ്രസിലേക്ക് 

ന്യൂഡല്‍ഹി: ബിജെപിയുടെ ബീഹാര്‍ എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്. തുടര്‍ച്ചയായി മൂന്നുതവണ എംപിയായ കീര്‍ത്തി ആസാദ് ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാറിലെ ദര്‍ബാങ്കാ മണ്ഡലത്തില്‍ നിന്നുളള എംപിയാണ് കീര്‍ത്തി ആസാദ്. കുറെ നാളുകളായി ബിജെപിയില്‍ തന്നെ അവഗണിക്കുന്നതില്‍ ആസാദിന് അമര്‍ഷമുളളതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ മോദിയുടെ സ്ഥിരം വിമര്‍ശകരുടെ പട്ടികയിലാണ് കീര്‍ത്തി ആസാദ് ഉള്‍പ്പെടുന്നത്. അയോധ്യവിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതിനെയും കീര്‍ത്തി ആസാദ് ബിജെപിയെ വിമര്‍ശിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ കളിയാക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കീര്‍ത്തി ആസാദ് ആരോപിച്ചിരുന്നു.

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ ഉന്നംവെച്ച് ബിജെപി വിമര്‍ശനം നടത്തുന്നതിനെയും കീര്‍ത്തി ആസാദ് അനുകൂലിക്കുന്നില്ല. അരുണ്‍ ജെയ്റ്റ്‌ലി നേതൃത്വം കൈയാളുന്ന സമയത്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും കീര്‍ത്തി ആസാദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബീഹാറിലെ ദര്‍ബാങ്കാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ എംപിയായ കീര്‍ത്തി ആസാദ് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com