പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പ് തോന്നുക സ്വാഭാവികം ; രാഹുലിനെതിരെ ജെയ്റ്റ്ലി
By സമകാലികമലയാളം ഡെസ്‌ക് | Published: 11th February 2019 09:17 AM |
Last Updated: 11th February 2019 09:17 AM | A+A A- |

ന്യൂഡല്‍ഹി: സൈന്യത്തിനും ജുഡീഷ്യറിക്കും റിസര്‍വ് ബാങ്കിനുമെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫെയ്‌സ്ബുക്കിലൂടെയാണ് ജെയ്റ്റ്ലി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. റഫാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വ്യക്തിപരമായ വിരോധത്തില്‍നിന്ന് ഉടലെടുത്തവയാണെന്നും അദ്ദേഹം ആരോപിച്ചു.
പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പ് തോന്നുക സ്വാഭാവികമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമയമായിരിക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും എല്ലാ ദിവസവും സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ളതാണ്. നെഹ്രുവും ഇന്ധിരാഗാന്ധിയും അടക്കമുള്ളവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ളതൊന്നും അടുത്തിടെ നടന്നിട്ടില്ല.
പശ്ചിമ ബംഗാളില്‍ ജനാധിപത്യം ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ബിജെപി നേതാക്കളെ സംസ്ഥാനത്ത് കാലുകുത്തുവാനോ രഥയാത്ര നടത്തുവാനോ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഓരോ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ കശാപ്പ് നടത്തുകയും മധ്യപ്രദേശില്‍ ഗോവധത്തിനെതിരെ ദേശസുരക്ഷാ നിയമം പ്രയോഗിക്കുകയും ചെയ്യുകയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. അമേരിക്കയിൽ ചികിൽസയിലായിരുന്ന ജെയ്റ്റ്ലി ശനിയാഴ്ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്.