പിങ്കണിഞ്ഞ് 'പ്രിയങ്കാ സേന' ; റോഡ് ഷോ വിജയത്തിനായി പ്രത്യേക ടീം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2019 11:53 AM |
Last Updated: 11th February 2019 11:53 AM | A+A A- |
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് കരുത്ത് പകരുന്നതിനായി പ്രത്യേക 'സൈന്യ'ത്തെ തന്നെ രൂപീകരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസുകാര്‍. ലക്‌നൗവിലെ ഇന്നത്തെ റോഡ്‌ഷോയുടെ വിജയം ഉറപ്പാക്കുന്നതിനുള്ള ചുമതല 500 'പ്രിയങ്ക സേനാ' പ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്ക് പിന്നില്‍ ഉണ്ടെന്ന് കാണിക്കുന്നതിനാണ് പ്രത്യേക സേന രൂപീകരിച്ചതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കയുടെ റാലി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്നാണ് അണികള്‍ പറയുന്നത്. ലക്‌നൗവിലെ ഇന്നത്തെ റോഡ് ഷോയോടെ പ്രിയങ്ക തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും.
നരേന്ദ്രമോദിയുടെ വാരണാസിയും യോഗിയുടെ ഘൊരഖ്പൂരിലുമടക്കം ചലനങ്ങളുണ്ടാക്കാന്‍ ഉറച്ച് തന്നെയാണ് പ്രിയങ്ക ഇറങ്ങുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന സന്ദേശം തന്നെയാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിലൂടെ അവര്‍ നല്‍കുന്നത്.
കോണ്‍ഗ്രസിന് യുപിയില്‍ മികച്ച വിജയം ഉറപ്പാക്കുന്നതിന് ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള യുവനിരയും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയ്ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരെ അവര്‍ അഭിസംബോധന ചെയ്യും. പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കാമെന്നും എല്ലാവരും ഭാഗമാകുന്ന രാഷ്ട്രീയമാണ് തന്റെ സ്വപ്‌നമെന്നും റാലിക്ക് മുന്നോടിയായി പ്രവര്‍ത്തകര്‍ക്കയച്ച സന്ദേശത്തില്‍ പ്രിയങ്ക വ്യക്തമാക്കിയിരുന്നു.