കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും ഒഴിവാക്കി ; റഫാലിൽ രാഷ്ട്രീയ ഇടപെടലിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് ഒഴിവാക്കി നല്‍കിയത്
കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും ഒഴിവാക്കി ; റഫാലിൽ രാഷ്ട്രീയ ഇടപെടലിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ രാഷ്ട്രീയ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ദി ഹിന്ദു ദിനപ്പത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും വാർത്ത പുറത്തുവിട്ട  ദി ഹിന്ദു ദിനപ്പത്രം വ്യക്തമാക്കുന്നു. 

റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. ഇതിന് പിന്നാലെ റിപ്പോർട്ട് പാർലമെന്റിൽ വെക്കാനും ഇരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ്  ഒഴിവാക്കി നല്‍കിയത്.  

ഇതുപ്രകാരം കരാറില്‍ എന്തെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധത്തിലായിക്കിയിരിക്കുകയാണ്. 

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വാർത്ത വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ് കേന്ദ്രപ്രതിരോധമന്ത്രി രം​ഗത്തുവരികയും ചെയ്തിരുന്നു. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.

 പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ബുധനാഴ്ച അവസാനിക്കാനിരിക്കെ, റഫാൽ വിഷയം കൂടുതൽ സജീവമാക്കാനായിരുക്കും പ്രതിപക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നരേന്ദ്രമോദിക്കും ബിജെപിക്കും തലവേദനയായിട്ടുണ്ട്. അംബാനിക്ക് വേണ്ടി മോദി രാജ്യത്തെ 30,000 കോടി കൊള്ളയടിച്ചെന്ന് കഴിഞ്ഞദിവസം രാഹുൽ​ഗാന്ധി ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com