ട്വിറ്ററിലും പ്രിയങ്കയുടെ മാസ് എന്‍ട്രി; അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പേജ് ഹിറ്റ്

പ്രിയങ്കയുടെ ട്വിറ്ററിലേക്കുള്ള വരവിന് വലിയ സ്വീകാര്യതയും ലഭിച്ചു കഴിഞ്ഞു. അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 55,000ത്തിന് മുകളില്‍ ആളുകളാണ് അവരെ പിന്തുടരുന്നത്
ട്വിറ്ററിലും പ്രിയങ്കയുടെ മാസ് എന്‍ട്രി; അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പേജ് ഹിറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ് രാഷ്ട്രീയത്തില്‍ സജീവമായ പ്രിയങ്ക ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഓപണ്‍ ചെയ്തു. പ്രിയങ്കയുടെ ട്വിറ്ററിലേക്കുള്ള വരവിന് വലിയ സ്വീകാര്യതയും ലഭിച്ചു കഴിഞ്ഞു. അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 55,000ത്തിന് മുകളില്‍ ആളുകളാണ് അവരെ പിന്തുടരുന്നത്. 

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശിലെത്തിയ ദിവസം തന്നെയാണ് പ്രിയങ്ക തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായും അവരെ പിന്തുടരാനും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. 

അക്കൗണ്ട് തുടങ്ങിയെങ്കിലും അവരുടെ ട്വീറ്റുകളൊന്നും ഇതുവരെ വന്നിട്ടില്ല. സഹോദരനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, നേതാക്കന്‍മാരായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്‌ലോട്ട്, രണ്‍ദീപ് സിങ് സുര്‍ജെവാല, അഹമ്മദ് പട്ടേല്‍, തുടങ്ങിയവരെല്ലാം പ്രിയങ്കയുടെ അക്കൗണ്ട് ഓപണ്‍ ആയതിന് പിന്നാലെ ഫോളോവേഴ്‌സായി. 

അടുത്തു നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. 2014ല്‍ ബിജെപി വ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ പ്രചാരണം നടത്തിയത് ഇത്തവണ കോണ്‍ഗ്രസ് പാഠമാക്കിയിട്ടുണ്ട്. 

രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. റഫാലിലടക്കം മോദി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ രാഹുല്‍ ആയുധമാക്കുന്നതും ട്വിറ്ററിനെയാണ്. ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ വിമര്‍ശനങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കാര്യമായ വര്‍ധനവ് നേടിക്കൊടുത്തതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com