പ്രിയങ്കയുടെ റോഡ് ഷോയെ വരവേറ്റ് ആയിരങ്ങള്‍; ഷോയില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

 ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് റോഡുകളില്‍ നിരന്നത്.  
പ്രിയങ്കയുടെ റോഡ് ഷോയെ വരവേറ്റ് ആയിരങ്ങള്‍; ഷോയില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ വരവേല്‍പ്പ്. എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയാണിത്.  ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് റോഡുകളില്‍ നിരന്നത്.  

സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും പ്രിയങ്കയ്‌ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമില്ലെന്നാണ് റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. 

ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുല്‍ പലകുറി ഉയര്‍ത്തി. 

എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നുണ്ട്. 

ഉത്തര്‍ പ്രദേശില്‍ എസ് പി ബി എസ് പി സഖ്യത്തെയും ബി ജെ പിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയെ സജീവരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത്. 

അതേസമയം, റോഡ് ഷോ ആറു മണിക്കൂറോളം നീണ്ടേക്കുമെന്നാണ് വിലയിരുത്തല്‍. ലാല്‍ബാഗില്‍ വച്ച് ജനക്കൂട്ടത്തെയും മാധ്യമങ്ങളെയും  അഭിസംബോധന ചെയ്തശേഷം ഹസ്രത്ഗഞ്ചിലേക്കു പോകുന്ന ഇവര്‍ സര്‍ദാര്‍ പട്ടേല്‍, ബിആര്‍ അംബേദ്കര്‍, മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളില്‍ ഹാരാര്‍പ്പണം നടത്തും.

അതിനിടെ, രാഷ്ട്രീയപ്രവേശനത്തിന്റെ ആദ്യഘട്ടമായി ട്വിറ്ററില്‍ പ്രിയങ്കയുടെ പേരില്‍ വേരിഫൈഡ് പേജും തുടങ്ങിയിട്ടുണ്ട്. ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ലെങ്കിലും 67,000ല്‍ അധികം ഫോളോവേഴ്‌സിനെയാണ് പേജിന് ഇതിനോടകം തന്നെ ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com